LIFESTYLE
ശമ്പളം 20 കൊല്ലം പിന്നിൽ; വാടക 2046-ൽ ഉള്ളതും! ഇന്ത്യയിലെ നഗരവാസികളുടെ അവസ്ഥ ഇതാണ്; അനുഭവം

ഇന്ത്യയിലെ വൻകിട നഗരങ്ങളെല്ലാം അത്യാധുനിക ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിന് പരസ്പരം മത്സരിക്കുന്ന സ്ഥിതിയിലാണ്. ഫലമോ, മുംബൈ, പുണെ, ചെന്നൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിലെല്ലാം സാധാരണക്കാരന് എത്തിപ്പിടിക്കാനാവാത്ത നിലയിലേക്ക് വാടകയും ജീവിതചെലവും ഉയർന്നുകഴിഞ്ഞു. വൻതുക ലോണെടുത്ത് വീട് വയ്ക്കുന്നതിനേക്കാൾ അധിക ചെലവാണ് ഒന്നോ രണ്ടോ വർഷത്തെ വാടകയിനത്തിൽ നൽകേണ്ടി വരുന്നത്. ആഴ്ചകളുടെയോ മാസങ്ങളുടെയോ ഇടവേളകളിൽ വാടക നിരക്ക് ഉയർത്തുന്ന അവസ്ഥയുമുണ്ട്. എന്നാൽ സാധാരണക്കാരന്റെ ശമ്പളം ഇതിനനുസരിച്ച് ഉയരുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബെംഗളൂരു നിവാസി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.മുൻനിര നഗരങ്ങളിലെല്ലാം 500 ചതുരശ്രയടിമുള്ള വീടുകൾക്ക് പോലും വാടക നിരക്ക് അരലക്ഷവും അതിനു മുകളിലും വാങ്ങുന്നത് സാധാരണമായി. ഇതിന്റെ മൂന്നിരട്ടിയിൽ അധികം തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകുകയും വേണം. ചുരുങ്ങിയ മാസങ്ങളുടെ ഇടവേളകളിൽ പതിനായിരങ്ങളുടെ കണക്കിൽ വാടക പെരുകുന്നുണ്ടെങ്കിലും ശമ്പള വർധന അതേ അനുപാതത്തിൽ ഇല്ല എന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്.2006ലേതിനു സമാനമായ വേതനത്തിലാണ് പലരും ജീവിക്കുന്നത്. എന്നാൽ 2046 ലഭിക്കാൻ സാധ്യതയുള്ള ശമ്പളം അടിസ്ഥാനമാക്കിയാണ് വാടക നിരക്ക് എന്ന് തോന്നിപ്പോകുന്നു എന്ന് ബംഗളൂരു നിവാസി തമാശരൂപേണ പോസ്റ്റിൽ പറയുന്നു. വാടക അടക്കമുള്ള പ്രതിമാസ ചെലവുകൾ വിശദമായി വിശകലനം ചെയ്യുമ്പോൾ ഐടി മേഖലയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായിരുന്ന നാളുകളിൽ തന്നെ സ്വകാര്യ മേഖലയിലെ ശമ്പളം ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് അഭിപ്രായം. അതേസമയം വീട്ടുടമസ്ഥർ വാടക നിരക്കുകൾ കണക്കുകൂട്ടുന്ന രീതി മറ്റൊന്നാണ്. 20 വർഷം കടന്നുള്ള ശമ്പള കണക്കുകളിലാണ് വാടക നിശ്ചയിക്കുന്നത്.15 വർഷത്തിലേറെ പഴക്കവും മുകൾ നിലകളിൽ സ്ഥിതിചെയ്യുന്നതുമായ ഒറ്റമുറി അപ്പാർട്ട്മെന്റുകൾക്ക് വരെ 24000വും അതിനു മുകളിലേക്കും വാടക വാങ്ങുന്നുണ്ട്. നിശ്ചിത സമയത്തു മാത്രം ലഭിക്കുന്ന മുനിസിപ്പൽ വാട്ടർ സപ്ലൈയെ ആശ്രയിച്ചു കൊണ്ടാണ് ഇത്തരം വീടുകളിൽ താമസിക്കേണ്ടി വരുന്നത്. എന്നാൽ ഇതൊന്നും വാടക നിരക്കിനെ ബാധിക്കുന്നതേയില്ല. ഒരുതരത്തിൽ പറഞ്ഞാൽ അവിശ്വസനീയമായ ഒരു സാമ്പത്തിക ടൈം മെഷീൻ അനുസരിച്ചാണ് നഗരങ്ങളിലെ വാടക നിരക്കുകൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. കമ്പനികൾ കഴിഞ്ഞകാലങ്ങളിൽ കുടുങ്ങിക്കിടക്കുകയും വീട്ടുടമസ്ഥർ പതിറ്റാണ്ടുകൾക്ക് അപ്പുറമുള്ള ഭാവിയിൽ ചുവടുറപ്പിക്കുകയും ചെയ്തിരിക്കുന്ന അവസ്ഥ.പോസ്റ്റ് ശ്രദ്ധ നേടിയതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ വിലയിരുത്തലുകൾ ശരിവച്ചുകൊണ്ടാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. ഈ നിരക്കിൽ വാടക വാങ്ങുമ്പോഴും പരസ്യം ചെയ്യുന്നത്ര സൗകര്യങ്ങൾ മിക്ക വീടുകളിലും ഇല്ല എന്നതും പലരും എടുത്തു കാട്ടുന്നുണ്ട്. ഏതെങ്കിലും ഒരു ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ചെറിയൊരു ഗ്രാനൈറ്റ് സ്ലാബാണ് അടുക്കള എന്ന് പലരും വിശേഷിപ്പിക്കുന്നത്. പെയിന്റിങ്ങിനും മെയിന്റനൻസിനുമായി ഒരു മാസത്തെ വാടക അധികമായി വാങ്ങാറുണ്ടെങ്കിലും ഭൂരിഭാഗം വീടുകളും പെയിന്റിങ് പോലും നടത്താതെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
Cinema ⏭️




