കോതമംഗലത്ത് ബി ടെക് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : കോതമംഗലം എം.എ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ. ബി.ടെക് (എ.ഐ ആൻഡ് മെഷീൻ ലേണിംഗ് ) മൂന്നാം വർഷ വിദ്യാർത്ഥി തിരുവനന്തപുരം കല്ലറ മൈലോട്ട്കൊണോത്ത് പുത്തൻവീട്ടിൽ ജി. വിജയൻപിള്ളയുടെയും അനിതയുടെയും മകൻ ആയേഷ് (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.
നിലത്ത് വീണ നിലയിലാണ് സഹപാഠികൾ ആയേഷിനെ കണ്ടത്. ഉടൻ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം പൊലീസ് നടപടികൾ സ്വീകരിച്ചു. നാളെ പോസ്റ്റുമോർട്ടം നടത്തും. രണ്ട് മാസം മുമ്പ് ഈ കോളേജിൽ അരുണാചൽപ്രദേശ് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ഏറെ വിവാദം സൃഷ്ടിക്കുകയും വിദ്യാർത്ഥി പ്രക്ഷോഭത്തിന് കാരണമാവുകയും ചെയ്തിരുന്നു.




