NEWS
ബസുകളിലേക്ക് പെയ്തിറങ്ങി ഭീകര ഗ്ലൈഡ് ബോംബുകൾ; റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ, കണ്ണീർ കാഴ്ച

കീവ്∙ കിഴക്കൻ യുക്രെയ്ൻ നഗരമായ ക്രാമറ്റോർസ്കിൽ സർവീസ് നടത്തുകയായിരുന്ന യാത്രാബസുകൾക്ക് നേരെ റഷ്യ നടത്തിയ അതിശക്തമായ ഗ്ലൈഡ് ബോംബ് ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് ജനവാസ മേഖലയെയും സാധാരണക്കാരായ യാത്രാക്കാരെയും ലക്ഷ്യമിട്ട് റഷ്യൻ വ്യോമാക്രമണം ഉണ്ടായതെന്ന് ഡൊണെട്സ്ക് റീജനൽ പ്രോസിക്യൂട്ടർ ഓഫിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.യാത്രക്കാരുമായി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ബസുകളിലേക്കാണ് ബോംബ് പതിച്ചത്. സമീപത്തെ ഒരു അപ്പാർട്മെന്റ് സമുച്ചയത്തിനും കനത്ത നാശനഷ്ടമുണ്ടായി. കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ യുക്രെയ്ൻ അധികൃതർ പുറത്തുവിട്ടു.∙ യുക്രെയ്നിലുടനീളം തുടരുന്ന വ്യോമാക്രമണങ്ങൾ വടക്കൻ നഗരമായ പ്രിലൂക്കിയിലെ ഫ്ലാറ്റിൽ ഉൾപ്പെടെ രാജ്യവ്യാപകമായി റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ കഴിഞ്ഞ ദിവസവും 30 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ക്രാമറ്റോർസ്കിലെ കൂട്ടക്കുരുതി. തലസ്ഥാനമായ കീവിലേക്ക് വ്യാഴാഴ്ച റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 3 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു.
Fashion ⏭️




