BUSINESS
കണ്ടാല്‍ ചക്കക്കുരു, വില 4000 രൂപ; മൂന്നില്‍ കൂടിയാല്‍ പണിപാളും, കേരളത്തില്‍ സുലഭം

Brazil Nut Lulu Mall: കേരളത്തില്‍ ഇന്ന് ചക്കക്കുരു സുലഭമാണ്. നാട്ടിന്‍പുറത്തെല്ലാം വെറുതേ കൊടുത്താല്‍ പോലും ആര്‍ക്കും വേണ്ട. എന്നാല്‍ നഗരപ്രാദേശങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും ചക്കക്കുരു വില കൊടുത്തുവാങ്ങാന്‍ ആളുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും തരംഗമായി മാറികൊണ്ടിരിക്കുന്ന ഒരുതരം ‘ചക്കക്കുരു’വിനെ പറ്റിയാണ് ഇന്നു പറയുന്നത്. കണ്ടാല്‍ തനി ചക്കക്കുരു തന്നെ. പക്ഷെ തൊട്ടാല്‍ പൊള്ളുമെന്ന് മാത്രം. കാരണം കിലോയ്ക്ക് 4000 രൂപ വരെയാണ് വില. പറഞ്ഞുവരുന്നത് ദക്ഷിണ അമേരിക്കയിലെ ആമസോണ്‍ വനങ്ങളില്‍ വളരുന്ന ‘ബ്രസീല്‍ നട്ട്’ (Brazil Nut) എന്ന ഭക്ഷ്യവിഭവത്തെ പറ്റിയാണ്. ലോകമെമ്പാടും പ്രശസ്തമായ ഒരു ‘സൂപ്പര്‍ ഫുഡ്’ ആണിത്. ഇന്ന് നമ്മുടെ നാട്ടിലും ഇവ സുലഭമായിരിക്കുന്നു. ബ്രസീല്‍ നട്ടിനെ പറ്റി അറിയാന്‍ വായന തുടരുക. എന്താണ് ബ്രസീല്‍ നട്ട്?ആമസോണ്‍ മഴക്കാടുകളില്‍ കാണപ്പെടുന്ന ‘ബെര്‍തൊലേറ്റിയ എക്‌സല്‍സ’ (Bertholletia excelsa) എന്ന ഭീമാകാരമായ മരങ്ങളിലാണ് ബ്രസീല്‍ നട്ടിന്റെ ഉത്ഭവം. തേങ്ങയുടെ വലിപ്പമുള്ള കട്ടിയേറിയ തോടിനുള്ളിലാണ് ഇവ ഉണ്ടാകുക. ഇതില്‍ അടങ്ങിയിരിക്കുന്ന അമിതമായ പോഷകഗുണങ്ങള്‍ കാരണമാണ് ഇവയെ ഒരു സൂപ്പര്‍ ഫുഡ് ആക്കി മാറ്റുന്നത്. പ്രത്യേകിച്ച് സെലേനിയം. കിലോയ്ക്ക് 3500 – 4000 രൂപ!കേരളത്തില്‍ ബ്രസീല്‍ നട്ട് കിലോയ്ക്ക് 3,500 മുതല്‍ 4,000 രൂപ വരെ വിലയുണ്ട്. ലുലു പോലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലും, ഓണ്‍ലൈന്‍ ഇ-കോമേഴ്‌സ് സൈറ്റുകളിലും ഇവ സുലഭമാണ്. ബ്രസീല്‍ നട്ട് മരങ്ങള്‍ ആമസോണ്‍ കാടുകളില്‍ മാത്രമാണുള്ളത്. ഇവ കൃത്രിമമായി വളര്‍ത്താന്‍ കഴിയില്ല. ഇവയുടെ പരാഗണത്തിന് പ്രത്യേകതരം കാട്ടുതേനീച്ചകള്‍ ആവശ്യമാണ്. വില കൂടാനുള്ള കാരണം വ്യക്തമായില്ലേ?ഇന്ത്യയിലേയ്ക്ക് ഇവ പൂര്‍ണ്ണമായി ഇറക്കുമതി ചെയ്യുകയാണ്. ബ്രസീല്‍, ബൊളീവിയ, പെറു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇവ കേരളത്തില്‍ അടക്കം എത്തുന്നത്. വന്യമൃഗങ്ങളും, വിവിധ വെല്ലുവിളികളും നിറഞ്ഞ ആമസോണ്‍ കാടുകളില്‍ കയറി, പ്രകൃതിദത്തമായി താഴെ വീഴുന്ന കായ്കള്‍ മനുഷ്യര്‍ നേരിട്ട് വേണം ശേഖരിക്കാന്‍. ഇവയുടെ ഗുണങ്ങള്‍ബ്രസീല്‍ നട്ട് ‘സെലീനിയം’ (Selenium) എന്ന ധാതുവിന്റെ ഏറ്റവും മികച്ച പ്രകൃതിദത്ത സ്രോതസാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് സെലീനിയം അത്യാവശ്യമാണ്. തൈറോയ്ഡ് ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളും, വിറ്റാമിന്‍ ഇ എന്നിവ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. ഒമേഗ-3 ഫാറ്റി ആസിഡും ഇതിലുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും, ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കും. വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഇത് നല്ലതാണ്.ഒരു ദിവസം എത്രയെണ്ണം കഴിക്കാം?അധികമായാല്‍ അമൃതും വിഷമെന്ന് കേട്ടിട്ടില്ലേ? അതുപോലെ തന്നെ ഗുണഗണങ്ങള്‍ കണ്ട് ബ്രസീല്‍ നട്ട് വാരിക്കോരി കഴിക്കരുത്. ഒരു ദിവസം 1 മുതല്‍ 2 വരെ ബ്രസീല്‍ നട്ട്‌സ് മാത്രമേ കഴിക്കാവൂവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പരമാവധി 3 എണ്ണം കഴിക്കാം. ഒരു ബ്രസീല്‍ നട്ടില്‍ തന്നെ മനുഷ്യശരീരത്തിന് ഒരു ദിവസം വേണ്ടതിലധികം സെലീനിയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ കഴിച്ചാല്‍ കുഴപ്പമാണ്. ശരീരത്തില്‍ സെലീനിയത്തിന്റെ അളവ് അമിതമാകും. ഇത് ‘സെലനോസിസ്’ (Selenosis) എന്ന അവസ്ഥയ്ക്കു കാരമണമാകും. കൂടുതല്‍ കഴിച്ചാലുള്ള പ്രശ്‌നങ്ങള്‍ സെലിനിയം കൂടിയാല്‍ വളരെ പെട്ടെന്ന് മുടി കൊഴിയാനും, നഖങ്ങള്‍ ദുര്‍ബലമാകാനും തുടങ്ങും. വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉണ്ടാകാം. വായില്‍ നിന്ന് വെളുത്തുള്ളിയുടെ മണമുള്ള ദുര്‍ഗന്ധം വമിക്കാം. അമിതമായ ക്ഷീണം, കൈകാലുകളില്‍ തരിപ്പ്, തലകറക്കം എന്നി അനുഭവപ്പെടാം. വളരെ കൂടിയ അളവില്‍ തുടര്‍ച്ചയായി കഴിച്ചാല്‍ വൃക്ക തകരാറിലാകാനും, ഹൃദയസ്തംഭനത്തിനും വരെ കാരണമാകാം.
Source link


