BUSINESS
വിശ്വസ്തതയുടെ ‘ടാറ്റ’ കോട്ടയിൽ ഉലച്ചിൽ; നിർബന്ധിത ഐപിഒയും അധികാര തർക്കവും: പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ അറിയാം

21,000 രൂപയുടെ മൂലധനത്തിൽ തുടങ്ങിയ ഒരു ചെറിയ വ്യാപാര സ്ഥാപനം. ഇന്ന് 100ലേറെ രാജ്യങ്ങളിൽ സാന്നിധ്യമുള്ള, ലോകം അറിയുന്ന ഇന്ത്യൻ ബിസിനസ് സാമ്രാജ്യമാണ് ടാറ്റ. സ്റ്റീൽ മുതൽ സോഫ്റ്റ്‌വെയർ വരെ, കാറുകൾ മുതൽ വിമാനങ്ങൾ വരെ, ഹോട്ടലുകൾ മുതൽ ആഭരണങ്ങൾ വരെ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ പല മേഖലകളിലും ടാറ്റയുടെ സാന്നിധ്യമുണ്ട്. കേവലം ഒരു വ്യവസായ ഗ്രൂപ്പ് എന്നതിലുപരി രാജ്യത്തിന്റെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച ജീവകാരുണ്യത്തിന്റെ വലിയൊരു പാരമ്പര്യം കൂടിയുണ്ട് ടാറ്റയ്ക്ക്.എന്നാൽ മഹത്തായ പാരമ്പര്യമുള്ള ഹോൾഡിംഗ് കമ്പനിയായ ‘ടാറ്റാ സൺസ്’ ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആർബിഐയുടെ കർശന നിയമങ്ങളും, കമ്പനിയുടെ രഹസ്യസ്വഭാവം നിലനിർത്താനുള്ള ടാറ്റാ ട്രസ്റ്റുകളുടെ ശ്രമങ്ങളും തമ്മിൽ കൊമ്പുകോർക്കുമ്പോൾ ടാറ്റാ സൺസിനുള്ളിൽ നടക്കുന്നത് വലിയൊരു അധികാര തർക്കമാണ്. ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും ടാറ്റാ സൺസ് ബോർഡും തമ്മിലുള്ള നിലപാടുകൾ കടുക്കുമ്പോൾ ഇന്ത്യൻ ബിസിനസ് ലോകം ഉറ്റുനോക്കുന്നത് ടാറ്റയുടെ ഭാവിയിലേക്കാണ്. എന്താണ് ടാറ്റയ്ക്കുള്ളിലെ പ്രശ്നങ്ങൾ? പരിശോധിക്കാം…∙ ടാറ്റാ സൺസ്, ടാറ്റാ ഗ്രൂപ്പ്, ടാറ്റാ ട്രസ്റ്റ്സ്: ഇവ തമ്മിലുള്ള ബന്ധമെന്താണ്? ടാറ്റാ സൺസിന്റെ കീഴിൽ വരുന്ന വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളുടെയും കൂട്ടായ്മയാണ് ടാറ്റാ ഗ്രൂപ്പ്. ടിസിഎസും ടാറ്റാ മോട്ടോഴ്‌സും ഉൾപ്പെടെ ഇരുപതോളം ലിസ്റ്റ് ചെയ്ത കമ്പനികളാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ളത്. ഈ പ്രധാന കമ്പനികൾക്ക് കീഴിലുള്ള ഉപകമ്പനികളും, ജോയിന്റ് വെഞ്ചറുകളും, രാജ്യാന്തര ബ്രാഞ്ചുകളും ഉൾപ്പെടെ മൊത്തം നൂറിലധികം ചെറുതും വലുതുമായ കമ്പനികൾ ടാറ്റാ ഗ്രൂപ്പിന് കീഴിൽ വരുന്നുണ്ട്. 100 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ടാറ്റാ ഗ്രൂപ്പിന് 277 ബില്യൻ ഡോളറാണ് ആകെ വിപണി മൂല്യം.ടാറ്റാ ബ്രാൻഡിന്റെയും ലോഗോയുടെയും ഉടമസ്ഥർ ടാറ്റാ സൺസ് ആണ്. ഗ്രൂപ്പിലെ മറ്റു കമ്പനികളിൽ നിക്ഷേപം നടത്താനും അവയുടെ നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാനുമാണ് ടാറ്റാ സൺസ് പ്രവർത്തിക്കുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവുമാണ് ടാറ്റാ ട്രസ്റ്റ്സ്. ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ 66 ശതമാനം ഓഹരികളും ടാറ്റാ ട്രസ്റ്റുകളുടെ കൈവശമാണ്. ടാറ്റാ കമ്പനികൾ നേടുന്ന ലാഭത്തിൽ വലിയൊരു പങ്ക് ഈ ട്രസ്റ്റുകളിലേക്ക് നേരിട്ട് എത്തുന്നു. സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റിനും സർ രത്തൻ ടാറ്റാ ട്രസ്റ്റിനുമാണ് ടാറ്റാ ട്രസ്റ്റ്സിൽ കൂടുതൽ ഓഹരി പങ്കാളിത്തമുള്ളത്. നിലവിൽ രത്തന്‍ ടാറ്റയുടെ സഹോദരനായ നോയൽ ടാറ്റ ആണ് ടാറ്റാ ട്രസ്റ്റ്സിന്റെ ചെയർമാൻ.∙ 21,000 രൂപ മൂലധനത്തിൽ ആരംഭിച്ച വൻ സാമ്രാജ്യം 1868-ൽ തന്റെ 29–കാരനായ ജംഷത്ജി നുസർവാൻജി ടാറ്റ 21,000 രൂപ മൂലധനത്തിൽ മുംബൈയിൽ സ്വന്തമായി ഒരു ട്രേഡിങ് കമ്പനിയായാണ് ടാറ്റാ ഗ്രൂപ്പ് സ്ഥാപിക്കുന്നത്. 1874ൽ ടെക്സ്റ്റൈൽ ഹബ്ബായ മുംബൈയില്‍ നിന്ന് മാറി നാഗ്പൂരിൽ തുണി മിൽ സ്ഥാപിച്ചത് വഴിത്തിരിവായി. തുടർന്ന് അദ്ദേഹം ചൈനയിലേക്ക് വ്യാപാരം വ്യാപിപ്പിച്ചു. 1902-ൽ, ഇന്ത്യയിലെ ആദ്യത്തെ ആഡംബര ഹോട്ടലായ താജ്മഹൽ പാലസ് & ടവർ കമ്മിഷൻ ചെയ്യുന്നതിനായി ഗ്രൂപ്പ് ഇന്ത്യൻ ഹോട്ടൽസ് കമ്പനിയെ സംയോജിപ്പിച്ചു. പിന്നീടുള്ള പതിറ്റാണ്ടുകളിൽ ടാറ്റാ വൻ സാമ്രജ്യമായി വളർന്നു. 1904-ൽ ജംഷത്ജിയുടെ മരണശേഷം, അദ്ദേഹത്തിന്റെ മകൻ സർ ദൊറാബ്ജി ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വളരെ പെട്ടെന്നാണ് ടാറ്റാ ഗ്രൂപ്പ് വളർന്നത്.1932-ൽ ദോറാബിന്റെ മരണശേഷം, സർ നൗറോജി സക്ലത്വാല ഗ്രൂപ്പിന്റെ ചെയർമാനായി. ആറ് വർഷത്തിന് ശേഷം ജഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ (ജെആർഡി) ആ സ്ഥാനം ഏറ്റെടുത്തു. കോസ്മെറ്റിക്സ്, മാർക്കറ്റിങ് തുടങ്ങി വിവിധ മേഖലകളിലൂടെ കമ്പനിയെ ജെആർഡി ടാറ്റ ലോകോത്തര നിലവാരത്തിലെത്തിച്ചു. കുടുംബത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റുകൾ ടാറ്റാ സൺസിന്റെ പ്രധാന ഓഹരി ഉടമകളായി. 1991-ൽ, ജെആർഡിയുടെ പിൻഗാമിയായി രത്തൻ ടാറ്റ അധികാരമേറ്റു. ബിസിനസുകൾ ആഗോളവല്‍ക്കരിക്കുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. വിദേശകമ്പനികൾ ഏറ്റെടുത്ത് ടാറ്റയെ ആഗോളതലത്തിൽ വളർത്തി. 2000 ൽ ഗ്രൂപ്പ് ലണ്ടൻ ആസ്ഥാനമായുള്ള ടെറ്റ്‌ലി ടീയെ ഏറ്റെടുത്തു. ഇന്ത്യക്കാർക്ക് വേണ്ടി ഇറക്കിയ ടാറ്റാ ഇൻഡിക്കയും ലോകത്തെ ഏറ്റവും വിലകുറഞ്ഞ, കുഞ്ഞൻ കാറായ നാനോ കാറും ചരിത്രത്തില്‍ ടാറ്റയുടെ മൂല്യം ഇരട്ടിച്ചു. അക്കാലത്ത് ടാറ്റ ഗ്രൂപ്പിന്റെ വരുമാനം നാൽപത് ഇരട്ടിവരെയും ലാഭം അൻപത് ഇരട്ടിവരെയും വളർന്നു.
Travel ⏭️




