മഹാരാഷ്ട്രയിലെ 190 മണ്ഡലങ്ങളിൽ വോട്ട് ചോർച്ച: ഒഴിവാക്കപ്പെട്ടവരുടെ എണ്ണം 2024ലെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ

മുംബൈ ∙ മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിൽ 190 എണ്ണത്തിലും വോട്ടർപട്ടികയുടെ കരടുരൂപത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ എണ്ണം, 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ ഭൂരിപക്ഷത്തെക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മരിച്ചവരെ ഒഴിവാക്കി നടത്തിയ കണക്കെടുപ്പിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സബാർ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതേക്കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
സംസ്ഥാനത്ത് വോട്ടർപട്ടികയുടെ കരട് പതിപ്പ് പ്രസിദ്ധീകരിച്ചപ്പോൾ ഏകദേശം 2.07 കോടിയിലധികം പേരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതിൽ 95 മണ്ഡലങ്ങളിൽ ‘താമസസ്ഥലത്ത് ലഭ്യമല്ലാത്തവർ’ അല്ലെങ്കിൽ ‘കണ്ടെത്താൻ കഴിയാത്തവർ’ എന്ന വിഭാഗത്തിൽ മാത്രം പുറന്തള്ളപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെക്കാൾ ഏറെയാണ്. ഉദാഹരണത്തിന്, മലാഡ് വെസ്റ്റിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചത് 6,227 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. എന്നാൽ, ഇവിടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം 1.41 ലക്ഷം (38.6%) വരുന്നു. മുംബൈ കൊളാബയിലാകട്ടെ, ആകെ വോട്ടർമാരിൽ 46.9 ശതമാനം പേരെ (1,19,606 പേർ) പട്ടികയിൽ നിന്ന് നീക്കം ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊളാബയിൽ ആകെ പോൾ ചെയ്ത വോട്ടുകളെക്കാൾ (1,18,499) വലിയൊരു സംഖ്യയാണിത്.
∙ ആശങ്ക തള്ളി സിഇഒ
വോട്ടർപട്ടികയിൽ നിന്ന് കോടിക്കണക്കിന് ആളുകളെ ഒഴിവാക്കിയെന്ന ആരോപണങ്ങളെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) നിഷേധിച്ചു. പട്ടികയിൽ നിന്ന് നീക്കം ചെയ്ത വോട്ടർമാരെ പൂർണ്ണമായും ഒഴിവാക്കിയിട്ടില്ലെന്നും, അവർക്ക് തങ്ങൾ ഇപ്പോൾ താമസിക്കുന്ന പുതിയ സ്ഥലങ്ങളിൽ വോട്ടവകാശം വിനിയോഗിക്കാൻ അവസരമുണ്ടെന്നും സിഇഒ വിശദീകരിച്ചു. മുംബൈ, താനെ തുടങ്ങിയ നഗരങ്ങളിൽ തൊഴിൽ ആവശ്യങ്ങൾക്കായി ആളുകൾ ഇടയ്ക്കിടെ താമസസ്ഥലം മാറ്റുന്ന പ്രവണതയാണ് ഇത്തരത്തിൽ കൂടുതൽ ആളുകളെ പട്ടികയിൽ നിന്ന് മാറ്റേണ്ട സാഹചര്യമുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




