NEWS

പടക്കങ്ങളുമായി സഞ്ചരിച്ച ബൈക്ക് പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരിക്ക്

ലക്നൗവിലെ കോട്‌വാലി നഗരത്തിൽ പടക്കങ്ങൾ കടത്തുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ബൈക്കിൽ പടക്കങ്ങളുമായി സഞ്ചരിക്കവേയായിരുന്നു സംഭവം. ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്കും അതുവഴി കടന്നുപോയ മറ്റ് രണ്ട് പേർക്കുമാണ് പരിക്കേറ്റത്.

പരിക്കേറ്റവരിൽ സഖിയാപുര സ്വദേശി നിമേഷ് ശ്രീവാസ്തവയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ അമൻ, അഭിഷേക്, അമിത് പാണ്ഡെ എന്നിവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചു.

വലിയ ശബ്ദത്തോടെയാണ് ബൈക്കിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ പരിസരവാസികളാണ് പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ അടിയന്തര അന്വേഷണം ആരംഭിച്ചതായും നിയമനടപടികൾ സ്വീകരിക്കുമെന്നും കോട്‌വാലി സിറ്റി എസ്എച്ച്ഒ ബ്രിജേന്ദ്ര മിശ്ര അറിയിച്ചു.

Fashion ⏭️

Back to top button