തെങ്ങുകൃഷിയിലെ പരീക്ഷണങ്ങൾ; 30 കോടി ആസ്തിയുള്ള കർഷകനായി ഗോപി

ഗോപി
കൊച്ചി: തെങ്ങ് ഒരിക്കലും ചതിക്കില്ലെന്ന ചൊല്ല് അന്വർത്ഥമാകാതെ വന്നതോടെ തേങ്ങാവ്യാപാരത്തിൽ വൻ നഷ്ടം നേരിട്ട അടിമാലി ചെറുകുന്നേൽ ഗോപി, ജീവിതമാർഗം വഴിമുട്ടിയ ഘട്ടത്തിൽ 1985-ലാണ് കൃഷിയിലേക്ക് തിരിയുന്നത്. രണ്ടേക്കർ ഭൂമി പാട്ടത്തിനെടുത്ത് തുടങ്ങിയ കാർഷിക പരീക്ഷണങ്ങൾ അദ്ദേഹത്തെ കൈവിട്ടില്ല. നൂറ് കിലോ ഭാരമുള്ള വാഴക്കുലകളും 92 കിലോ വരെ തൂക്കമെത്തുന്ന ചേനയും ഭീമാകാരമായ ഇഞ്ചിയും കപ്പയുമെല്ലാം ഗോപിയുടെ കഠിനാധ്വാനത്തിന് സാക്ഷ്യം വഹിച്ചു. എന്നാൽ, 2008-ൽ ജാതി കൃഷിയിലേക്ക് ചുവടുമാറിയതാണ് ഗോപിയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത്.
നാല് പതിറ്റാണ്ട് മുൻപ് കടബാധ്യതകളിൽ നിന്ന് മോചനം നേടാൻ കൃഷിഭൂമിയിലേക്ക് ഇറങ്ങിയ ഗോപി ഇന്ന് മുപ്പത് കോടിയിലേറെ ആസ്തിയുള്ള കർഷക പ്രമുഖനാണ്. സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ പുരസ്കാരം, സ്പൈസസ് ബോർഡിന്റെ അംഗീകാരം, കൃഷിവകുപ്പിന്റെ ഇന്നവേഷൻ അവാർഡ്, കൊളംബോ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ ബഹുമതി എന്നിങ്ങനെ ഒട്ടേറെ നേട്ടങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പുത്തൻ പരീക്ഷണങ്ങളിലൂടെ
കൊയ്തത് വൻ വിജയം
സാധാരണയായി ജാതിമരങ്ങൾ വേരാഴ്ച്ച കുറവായതിനാൽ കാറ്റിൽ പെട്ടെന്ന് കടപുഴകി വീഴാറുണ്ട്. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാണ് ഗോപി ശ്രമിച്ചത്. വനങ്ങളിൽ കരുത്തോടെ വളരുന്ന കാട്ടുജാതി മരങ്ങളെ നാടൻ തൈകളുമായി ഗ്രാഫ്റ്റ് ചെയ്തായിരുന്നു തുടക്കം. തുടർന്ന് അഞ്ചും ആറും കാട്ടുജാതി തൈകളെ ഒരു നാടൻ തൈയുമായി സംയോജിപ്പിക്കുന്ന ‘മൾട്ടിറൂട്ട്’ പരീക്ഷണത്തിൽ അദ്ദേഹം വിജയം വരിച്ചു. കാറ്റിൽ വീഴാത്ത ഉറപ്പുള്ള ജാതിതൈകൾ വൻതോതിൽ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.
മികച്ച വലിപ്പവും തൂക്കവുമുള്ള ‘മാങ്ങാ ജാതി’ ഇനത്തെ മൾട്ടിറൂട്ട് രീതിയിൽ വികസിപ്പിച്ചത് കൃഷിമേഖലയിൽ വലിയ ചർച്ചയായി. ഗോപി വികസിപ്പിച്ചെടുത്ത ‘ചെറുകുന്നേൽ മൾട്ടിറൂട്ട് ജാതി’ തൈകൾക്ക് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന കട്ടിയുള്ള പത്രിയാണ് ഈ ജാതിയുടെ മറ്റൊരു പ്രത്യേകത.
ശരാശരി തൂക്കം
മാങ്ങാജാതി : സാധാരണ ഇനം
പത്രി 4 ഗ്രാം : 2 ഗ്രാമിൽ താഴെ
ജാതിക്ക 17 ഗ്രാം : 10 ഗ്രാം
ഏറ്റവും കുറഞ്ഞ അധ്വാനത്തിൽ പരമാവധി നേട്ടം കൊയ്യുന്ന ആധുനിക മാതൃകാ തോട്ടം ഒരുക്കുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോൾ. വെള്ളത്തൂവൽ മാങ്കടവിൽ ഒരുങ്ങുന്ന ഈ തോട്ടത്തിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നു.
ഗോപി ചെറുകുന്നേൽ




