NEWS

തട്ടിപ്പു നീക്കവുമായി വീണ്ടും വിപിവിവി; പുതിയ ഇരകളെ കണ്ടെത്താൻ വിഡിയോ കോൺഫറൻസ്


കൊച്ചി ∙ ആയിരം കോടിയുടെ തട്ടിപ്പു നടത്തിയ വിപിവിവി കമ്പനി ചെറിയ ഇടവേളയ്ക്കു ശേഷം നിക്ഷേപകരെ വലയിലാക്കാൻ വീണ്ടും രംഗത്ത്. കമ്പനി ചെയർമാൻ വെങ്കിട്ട വെങ്കിട് പുതിയ ഇരകളെ കണ്ടെത്താൻ കഴിഞ്ഞദിവസം വിഡിയോ കോൺഫറൻസ് നടത്തി. ഇൻഡോ–യുഎസ് പസിഫിക് പീസ് ട്രീറ്റിയുടെ ഭാഗമായ വ്യാപാരകരാർ നടപ്പാക്കുന്നതിനുള്ള നോൺ സ്റ്റേറ്റ് ആക്ടർ (എൻഎസ്എ) ആയി 191 രാജ്യങ്ങൾ തന്നെ നിയോഗിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇത്. നിലവിലെ നിക്ഷേപകർ ഉൾപ്പെടെ 217 പേരാണു പങ്കെടുത്തത്.ഇന്നു മുതൽ വിപിവിവിയുടെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുമെന്നും രാത്രി 7.30ന് ഓൺലൈൻ യോഗം നടത്തുമെന്നും വെങ്കിട്ട വെങ്കിട് നിക്ഷേപകരെ അറിയിച്ചിട്ടുണ്ട്. വെങ്കിട് ഉൾപ്പെടെ കമ്പനിയുടെ പ്രമുഖരെ പ്രതിയാക്കി വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ കേസുകൾ റജിസ്റ്റർ ചെയ്യുകയും ചിലരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഘം ഏതാനും മാസത്തേക്കു പിൻവലിഞ്ഞിരുന്നു. ഒളിവിൽനിന്നായിരുന്നു വെങ്കിടിന്റെ വിഡിയോ കോൺഫറൻസ്. അതേസമയം, കമ്പനിക്കെതിരെ പാലാ പൊലീസ് സ്റ്റേഷനിൽ ഒരുകേസ് കൂടി റജിസ്റ്റർ ചെയ്തു.


Fashion ⏭️

Back to top button