NEWS

പട്ടണക്കാട് മഹാദേവ ക്ഷേത്രത്തി​ൽ കാണിക്കവഞ്ചികൾ തകർത്ത് മോഷണം

തുറവൂർ: പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിൽ കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു. ക്ഷേത്രത്തിലെ ഓഫിസ് മുറിയിലെ മേശവലിപ്പിനുള്ളിൽ സൂക്ഷിച്ചിരുന്ന 3,000 രൂപ കൂടി മോഷ്ടാക്കൾ കവർന്നതായി ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സബ് ഡിവിഷൻ ഓഫീസർ ഉണ്ണിക്കൃഷ്ണൻ മരത്തൂർവട്ടം പറഞ്ഞു. പുലർച്ചെ മൂന്നരയോടെയാണ് ക്ഷേത്രത്തിന്റെ തെക്കുവശത്തെ വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തുകടന്നത്.

മൂന്ന് കാണിക്കവഞ്ചികൾ തകർത്ത് അതിലുണ്ടായിരുന്ന നോട്ടുകൾ കവർന്ന മോഷ്ടാക്കൾ നാണയങ്ങൾ ഉപേക്ഷിച്ചു. ക്ഷേത്രത്തിന് പുറത്തുള്ള കാണിക്കവഞ്ചികൾ സുരക്ഷയുടെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം ക്ഷേത്രത്തിനുള്ളിലേക്ക് മാറ്റിവയ്ക്കുകയാണ് പതിവ്. ജീവനക്കാർ കിടന്നുറങ്ങിയിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് മോഷണം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം സമാപിച്ചത്. വർഷങ്ങൾക്കുമുമ്പും ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ട്. ചുറ്റുമതിൽ ഇല്ലാത്തത് മോഷ്ടാക്കൾക്ക് എളുപ്പത്തിൽ അകത്തുകടക്കാൻ സാഹചര്യമൊരുക്കുന്നതായി​ ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേത്രത്തിൽ സി.സി.ടി.വി. ക്യാമറകളുമി​ല്ല. സമീപത്തെ കടയിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവസമയത്ത് മൂന്നുപേർ നടന്നുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

പട്ടണക്കാട് എസ്.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. ക്ഷേത്രത്തിൽനിന്ന് മണംപിടിച്ച പൊലീസ് നായ പട്ടണക്കാട് പഞ്ചായത്ത് ഓഫീസ് പരിസരം വരെ ഓടിയെത്തി നിന്നു. ദേവസ്വം ബോർഡ് സബ് ഡിവിഷണൽ കമ്മീഷണർ അഭിലാഷിന്റെ നേതൃത്വത്തിൽ ശേഷിച്ച കാണിക്കവഞ്ചികളിലെ പണം എണ്ണിത്തിട്ടപ്പെടുത്തി. ക്ഷേത്രത്തിന് എത്രയും വേഗം ചുറ്റുമതിൽ നിർമ്മി​ക്കുകയും സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യണമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.പി. സജീഷും സെക്രട്ടറി നിഷ സുരേഷും ആവശ്യപ്പെട്ടു.

Read News ⏭️

Back to top button