SPORTS
ആദ്യമായി കിട്ടിയ പ്രതിഫലം 15,000 രൂപ, മുഴുവൻ തുകയും ചെലവാക്കി തീർത്തു: മുന്‍ ഇന്ത്യൻ ക്യാപ്റ്റന്റെ വെളിപ്പെടുത്തല്‍

മുംബൈ∙ കരിയറിന്റെ തുടക്കകാലത്ത് 15,000 രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. മുംബൈയ്ക്കായി അണ്ടർ 15 ടീമിൽ കളിച്ചിരുന്ന കാലത്ത് കിട്ടിയ വരുമാനം മുഴുവൻ ക്രിക്കറ്റ് കിറ്റ് വാങ്ങാന്‍ ഉപയോഗിച്ചതായും സൂര്യകുമാർ യാദവ് ആകാശ് ചോപ്രയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ട്വന്റി20 ലോകകപ്പിലെ കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ സൂര്യകുമാര്‍ യാദവ്, സീനിയർ ടീമിലേക്കു തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ബാറ്റിങ്ങിൽ ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് സൂര്യകുമാര്‍ യാദവിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായത്.‘‘എന്നെക്കൊണ്ട് സാധിക്കുന്ന എല്ലാ രീതിയിലും ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. കാര്യങ്ങൾ ശരിയായി വന്നാൽ ടീമിലേക്കു തിരിച്ചെത്താൻ സാധിക്കും.’’– സൂര്യ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം കണ്ടെത്തി സൂര്യകുമാർ യാദവ് ദേശീയ ടീമിലേക്കു തിരിച്ചെത്തണമെന്നാണ് ബിസിസിഐയുടെ നിലപാട്. ‘‘ഇന്ത്യൻ ടീമിനൊപ്പം ഒന്നോ, രണ്ടോ വർഷങ്ങൾ കളിച്ചപ്പോൾ സമ്മർദഘട്ടങ്ങളിലും കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ചപോലെ നടക്കാത്തപ്പോഴുമെല്ലാം ഞാൻ ചിരിച്ചുകൊണ്ടാണു നേരിട്ടത്. എനിക്കു ലഭിച്ച അവസരങ്ങളിൽ തീർച്ചയായും നന്ദിയുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചിട്ടില്ല. 2026ന് ശേഷം രണ്ടു വർഷം കൂടി ട്വന്റി20 ടീമിനെ നയിക്കാൻ സാധിക്കുമെന്നാണു ഞാൻ കരുതിയത്.’’
Auto ⏭️


