SPORTS
ഒന്നര മാസമായി വീട്ടിൽ ഇരിക്കുന്നു, ലോകകപ്പ് ജയിച്ചതിനു പിന്നാലെയാണ് അതു സംഭവിച്ചത്: മൗനം വെടിഞ്ഞ് സൂര്യകുമാർ യാദവ്

മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥാനം നഷ്ടമായതിൽ ആദ്യമായി പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെയാണ്, ബാറ്റിങ്ങിൽ ഫോം നഷ്ടമായ സൂര്യകുമാർ യാദവിനെ ബിസിസിഐ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയത്. ലോകകപ്പിനു പിന്നാലെ ഇംഗ്ലണ്ട്, അയർലന്‍ഡ് ട്വന്റി20 പര്യടനങ്ങളിൽ ശ്രേയസ് അയ്യരെയായിരുന്നു ബിസിസിഐ ക്യാപ്റ്റനായി നിയമിച്ചത്. തന്നെ ടീമിൽനിന്നു ഒഴിവാക്കിയതു കണ്ട് ചിരിയാണ് ആദ്യം മുഖത്തു വന്നതെന്ന് സൂര്യകുമാർ യാദവ് പ്രതികരിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ നീണ്ട കരിയർ ഉണ്ടാകുമെന്ന് ആഗ്രഹിച്ചിരുന്നതായും മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്രയ്ക്കു നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ യാദവ് വ്യക്തമാക്കി.‘‘ഒളിംപിക്സ് വരുന്നുണ്ട്. അതിനു ശേഷം ട്വന്റി20 ലോകകപ്പ് വരുന്നുണ്ട്. നിങ്ങൾ ചിന്തിക്കുന്നതും മറ്റൊരാൾ ചിന്തിക്കുന്നതും ഒരുപക്ഷേ രണ്ടു വ്യത്യസ്ത കാര്യങ്ങളായിരിക്കാം. മുന്നോട്ടുപോകുന്നതാണു നല്ലതെന്ന് അവർക്കു തോന്നുന്നതു കൊണ്ടാണ് അവർ അതു തീരുമാനിച്ചത്. പക്ഷേ ഞാൻ പ്രതികരിക്കാൻ നിന്നിട്ടില്ല. കാരണം ഇതാണ് അവരുടെ തീരുമാനം. മറ്റാരുടെയെങ്കിലും കീഴിൽ ടീം മികച്ച പ്രകടനം നടത്തുമെന്നാണ് അവർ കരുതുന്നതെങ്കിൽ എനിക്ക് അതിൽ ഒരു കുഴപ്പവുമില്ല.’’‘‘ഐപിഎലിൽ ഉദ്ദേശിച്ചപോലെ കളിക്കാൻ എനിക്കു സാധിച്ചിട്ടില്ല. അതു ശരിയാണ്. എന്നാലും ലോകകപ്പ് ജയിച്ചതിനു പിന്നാലെ എങ്ങനെയാണ് ഇതു സംഭവിക്കുന്നത്. എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീട്ടിലേക്കു വരുന്നുണ്ട്. ഇതും ജീവിതത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്. പക്ഷേ അവർ പോയിക്കഴിഞ്ഞാൽ വീട്ടിൽ ഞങ്ങൾ ഒറ്റയ്ക്കാണ്. ടീം പ്രഖ്യാപനത്തിന് മൂന്നു ദിവസങ്ങൾക്കു മുൻപ് സിലക്ടർമാർ എന്നെ വിളിച്ചിരുന്നു. മുന്നോട്ടു പോകേണ്ട സമയമാണ് ഇതെന്ന് എന്നോടു പറഞ്ഞു. ഞാൻ പ്രതികരിച്ചില്ല. കാരണം ഇവിടെ എന്റെ ഭാഗത്തുനിന്നു പിഴവുകളൊന്നുമുണ്ടായിട്ടില്ല. ടീമിന്റെ നല്ലതിനു വേണ്ടിയിട്ടായിരിക്കണം ആ തീരുമാനമെടുത്തത്. എന്നെ എപ്പോൾ വിളിച്ചാലും ഞാൻ കളിക്കാൻ തയാറാണ്.’’- സൂര്യകുമാർ യാദവ് വ്യക്തമാക്കി.
Auto ⏭️


