NEWS

‘ഒറ്റ നിമിഷം കൊണ്ടാണ് എല്ലാം തകർന്നത്; 20 സുഹൃത്തുക്കളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല’: ഹേമന്ത് പറയുന്നു…


മേപ്പാടി ∙ ‘ഒറ്റ നിമിഷം കൊണ്ടാണു എല്ലാം തകർന്നത്. 20 സുഹൃത്തുക്കളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. ഒരു സുഹൃത്ത് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്’–നേപ്പാളിനെ കണ്ണീരിലാഴ്ത്തിയ മിന്നൽ പ്രളയത്തെ കുറിച്ച് പറയുമ്പോൾ കാഠ്മണ്ഡു കീർത്തിപൂര് സ്വദേശി ഹേമന്തിന് സങ്കടമടക്കാനാകുന്നില്ല. കഴിഞ്ഞ 10 വർഷമായി മേപ്പാടി ടൗണിലെ ബേക്കറിയിലെ ജോലിക്കാരനാണ് ഹേമന്ത്. കീർത്തിപൂരിനും മൂന്ന് ജില്ലയ്ക്കു അപ്പുറമാണു മിന്നൽ പ്രളയത്തിന്റെ പ്രഭവ കേന്ദ്രമായ റസുവ. ‘നാട്ടിലുള്ള 20 സുഹൃത്തുക്കളും അവിടെ ജോലിക്കായി പോയതാണ്.ഹിമാലയത്തിൽ എപ്പോഴും മഞ്ഞ് ഇടിഞ്ഞു വീണ് അപകടം സംഭവിക്കാറുണ്ട്. പക്ഷേ ഇത്രയും രൂക്ഷമായ അപകടവും അതു കാരണമുണ്ടായ മിന്നൽ പ്രളയവും ആദ്യമാണ്’– ഹേമന്ത് പറയുന്നു. കഴിഞ്ഞ ദീപാവലിയോട് അനുബന്ധിച്ചാണു നാട്ടിലേക്കു ഹേമന്ത് അവസാനമായി പോയത്. നിലവിൽ കാണാതായ സുഹൃത്തുക്കളെയും അവരുടെ മാതാപിതാക്കളെയും അടക്കം സന്ദർശിച്ചാണു അന്ന് മടങ്ങിയത്. ഹേമന്തിന്റെ അമ്മയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങൾ എല്ലാവരും സുരക്ഷിതരാണ്.


Fashion ⏭️

Back to top button