NEWS
‘നിന്റെ നേതാക്കൾ എവിടെ?’; മുടിപിടിച്ച് വലിച്ചു, മുഖത്തടിച്ചു; ഡല്ഹി പൊലീസിന്റെ ക്രൂരതകൾ വിവരിച്ച് വിദ്യാർഥികൾ

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് അതിക്രമത്തിന് ഇരയായ വനിതാ വിദ്യാർഥി പ്രവർത്തകർ ഉൾപ്പെടെയുള്ളവരുമായി വാർത്താ സമ്മേളനം നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊലീസിന്റെ ക്രൂരതകൾ വിദ്യാർഥികൾ വാർത്താ സമ്മേളനത്തിൽ വിവരിച്ചു. കഴിഞ്ഞ ദിവസത്തെ മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പെൺകുട്ടികളെ ബസിലേക്ക് തള്ളിയശേഷം പൊലീസ് മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.മർദനമേറ്റ എൻഎസ്യു നേതാവ് റിതു ബരാലയെ ‘പെൺസിംഹം’ എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. മർദനമേറ്റെങ്കിലും റിതു ഭയന്നില്ലെന്നും ഹൃദയത്തിൽ ആരോടും വെറുപ്പ് ഉണ്ടായിരുന്നില്ലെന്നും രാഹുൽ പറഞ്ഞു. സമാധാനപരമായി സമരം ചെയ്യുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തതെന്ന് റിതു ബരാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘മൂന്നു ബസുകളിലാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഞങ്ങളുടെ ബസിൽ രണ്ട് പെൺകുട്ടികളും മറ്റു പ്രവർത്തകരും ഒരു വനിതാ കോൺസ്റ്റബിളും ഉണ്ടായിരുന്നു. ബസിൽനിന്ന് ഇറങ്ങി സമരം നടക്കുന്ന സ്ഥലത്തേക്ക് പോകാൻ ഞങ്ങൾ ശ്രമിച്ചപ്പോൾ വനിതാ കോൺസ്റ്റബിൾ മുഖത്തടിച്ചു. മുടി പിടിച്ചു വലിച്ചു. താഴേയ്ക്ക് തള്ളി. ഞാൻ താഴെ വീണപ്പോൾ മുകളിലേക്ക് കയറി മുഖത്തടിച്ചു. എന്നെ രക്ഷിക്കാൻ ശ്രമിച്ചവരെയും അടിച്ചു. സ്റ്റേഷനിലെത്തിച്ചശേഷവും മർദനം തുടർന്നു. ‘നിന്റെ നേതാക്കൾ എവിടെ’ എന്ന് ചോദിച്ചായിരുന്നു മർദനം’ – റിതു പറഞ്ഞു.
Fashion ⏭️




