SPORTS

‘ചേട്ടൻ വിത്ത് ഏട്ടൻ! മോഹൻലാലിനൊപ്പം സഞ്ജുവിന്റെ ‘സസ്‌പെൻസ്’ സെൽഫി; താരത്തിന്റെ ‘മോളിവുഡ് എൻട്രിയോ?’


ചെന്നൈ ∙ ക്രിക്കറ്റിൽനിന്നുള്ള ഇടവേള ആഘോഷമാക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ജുലൈയിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കു ശേഷം ആരാധകർക്ക് സഞ്ജുവിനെ ഗ്രൗണ്ടിൽ കാണാൻ സാധിച്ചിട്ടില്ല. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടം കിട്ടാതെ പോയ താരം, അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലുണ്ട്. ഇതിനായുള്ള ഒരുക്കങ്ങൾക്കിടെ താരം പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ച. മറ്റാർക്കുമൊപ്പല്ല, സൂപ്പർ താരം മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. തന്റെ ഒഫിഷ്യൽ ഇൻസ്റ്റ അക്കൗണ്ടായ ‘ടീം സാംസൺ’ പോസ്റ്റ് ചെയ്ത ചിത്രം സഞ്ജു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി റീഷെയർ ചെയ്യുകയായിരുന്നു. ഈ പോസ്റ്റ് തന്റെ സ്റ്റോറിയായി പങ്കുവച്ചുകൊണ്ട് സഞ്ജു കുറിച്ചത് ഇങ്ങനെയാണ്: ‘‘ ‘ഗോട്ട്’ ലാലേട്ടനൊപ്പം ഇങ്ങനെയൊരു കാര്യം ചെയ്യാൻ കഴിഞ്ഞത് തികച്ചും സവിശേഷമായ ഒരു അനുഭവമായിരുന്നു.’’ സഞ്ജുവിന്റെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ചേട്ടൻ വിത്ത് ഏട്ടൻ’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഇതോടെ സിഎസ്‌കെയുമായി ബന്ധപ്പെട്ട് പരിപാടിക്കായിരിക്കും ഇരുവരും ഒന്നിച്ചതെന്നാണ് അഭ്യൂഹം. അതല്ല, സഞ്ജുവിന്റെ ‘മോളിവുഡ് എൻ‌ട്രി’ ഉടൻ ഉണ്ടാകുമെന്നും ചിലർ കമന്റിട്ടു. ഈ വർഷമാദ്യം സംവിധായകൻ പ്രിയദർശനും സഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇതു ബന്ധപ്പെടുത്തിയാണ് ചിലരുടെ അഭിപ്രായപ്രകടനം.∙ ‘സഞ്ജു മോഹൻലാൽ സാംസൺ’! ‘നിങ്ങൾക്ക് ലാലേട്ടനെ അറിയില്ലേ, ഞങ്ങളുടെ സ്വന്തം മോഹൻലാൽ. ഈയടുത്ത് അദ്ദേഹത്തിന് ദേശീയതലത്തിൽ ഒരു വലിയ പുരസ്കാരം ലഭിച്ചിരുന്നു. 40 വർഷത്തിലേറെയായി അദ്ദേഹം സിനിമയിലുണ്ട്. ഞാനാകട്ടെ 10 വർഷത്തോളമായി ഇന്ത്യൻ ടീമിനൊപ്പവും. എപ്പോഴും നായകവേഷം തന്നെ ചെയ്യണമെന്ന് എനിക്ക് വാശിയില്ല. ചിലപ്പോൾ വില്ലന്റെ റോൾ, ചിലപ്പോൾ ജോക്കറുടെ റോൾ… അങ്ങനെ ഏതു വേഷവും ചെയ്യാൻ ഞാൻ തയാറാണ്. ഓപ്പണിങ് പൊസിഷനിൽ ഞാൻ നന്നായി കളിച്ചു എന്നതിനാൽ അവിടെ തന്നെ തുടരണമെന്ന് നിർബന്ധമില്ല. എല്ലാ പൊസിഷനും പരീക്ഷിക്കാൻ തയാറാണ്. ചിലപ്പോൾ നല്ലൊരു വില്ലനായും എനിക്കു തിളങ്ങാൻ സാധിച്ചാലോ’– പുഞ്ചിരിയോടെ സഞ്ജു പറഞ്ഞു. അഭിമുഖത്തിന്റെ അവസാനം സഞ്ജു മോഹൻലാൽ സാംസൺ എന്നാണ് മലയാളി താരം സ്വയം വിശേഷിപ്പിച്ചത്.


Auto ⏭️

Back to top button