SPORTS

ടി.ടി.വി.നമ്പൂരി, എസ്.വിശ്വനാഥ്..: ആരാ ഇവരൊക്കെ? വൈറലായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്കോർകാർഡ്


നഗോയ ∙ ഡബ്ല്യു.എസ്.മണി സുന്ദർ, എസ്.വിശ്വനാഥ്, ടി.ടി.വി.നമ്പൂരി. ഇവരെയൊക്കെ അറിയുമോ? സംശയിക്കേണ്ട, ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളാണ് ഇവർ. പക്ഷേ, പേര് അത്ര പരിചയമില്ലല്ലേ? ഒറ്റവായനയിൽ ചിലപ്പോൾ പിടികിട്ടണമെന്നില്ല. വീണ്ടും വായിച്ചാൽ ഒരാളെ എന്താണെങ്കിലും മനസ്സിലാകാതിരിക്കില്ല. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരായ സെമിഫൈനലിൽ ഇന്ത്യയുടെ സ്കോർകാർഡിൽ തെളിഞ്ഞ പേരുകളാണ് ഇവ. യഥാക്രമം വാഷിങ്ടൻ സുന്ദർ, സഞ്ജു സാംസൺ, തിലക് വർമ എന്നിവരാണ് തുടക്കത്തിൽ എഴുതിയിരിക്കുന്ന ആ മൂന്നു പേരുകാർ.താരങ്ങളുടെ ‘പുതിയ’ പേരുകളിൽ ഏറ്റവും കൗതുകമുണർത്തിയത് തിലക് വർമയുടേതാണ്. സുപരിചതമായ പേരുമായി ഒരു ബന്ധവുമില്ലാത്ത പേരാണ് സ്കോർകാർഡിൽ ഉണ്ടായിരുന്നത്. ‘ഠാക്കൂർ തിലക് വർമ നമ്പൂരി’ എന്നാണ് ഹൈദരാബാദ് സ്വദേശിയായ തിലക് വർമയുടെ പൂർണനാമം. ഇതാണ് ചുരുക്കി ‘ടി.ടി.വി.നമ്പൂരി’ ആയത്. മലയാളികളിൽ ചിലർ ‘നമ്പൂതിരി’ എന്നു തെറ്റിവായിച്ചതോടെ ഇന്ത്യ ടീമിൽ പുതിയ മലയാളി എത്തിയോ എന്നും ചിലർ രസകരമായ പോസ്റ്റിട്ടു.ടീമിലെ കൗമാരതാരം വൈഭവ് സൂര്യവംശിയെ ‘വി. സൂര്യവംശി’, ജസ്പ്രീത് ബുമ്രയെ ‘ജെ. ജെ. ബുമ്ര’ ശിവം ദുബെയെ ‘എസ്.ആർ.ദുബെ’, ശ്രേയസ്സ് അയ്യരെ ‘എസ്.എസ്.അയ്യർ’ എന്നൊക്കെയാണ് കാർഡിൽ എഴുതിയിരുന്നത്. ഒളിംപിക്‌സ്, കോമണൽവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ ഇവന്റുകളിൽ താരങ്ങളുടെ ഔദ്യോഗിക പേരുകളാണ് മാത്രമാണ് പ്രദർശിപ്പിക്കാറുള്ളത്. 


Auto ⏭️

Back to top button