SPORTS
ഏകദിന ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ, ഒപ്പം ചാംപ്യന്മാരും; ഇന്ത്യ– പാക്ക് മത്സരത്തിന് ഇനി കൃത്യം 374 ദിവസം കൂടി

കേപ്ടൗൺ (ദക്ഷിണാഫ്രിക്ക)∙ 2027 ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ചു. 2023 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇന്ത്യയും ഓസ്ട്രേലിയയും ഗ്രൂപ്പ് എയിലാണ് ഇടംപിടിച്ചിരിക്കുന്നത്. ഇവർക്കൊപ്പം ചിരവൈരികളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സഹ-ആതിഥേയരായ സിംബാബ്വെ എന്നീ ടീമുകളും ഒന്നാം ക്വാളിഫയർ ജയിക്കുന്ന ടീമും ഈ ഗ്രൂപ്പിലുണ്ടാകും. ഗ്രൂപ്പ് ബിയിൽ സഹ-ആതിഥേയരായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ശ്രീലങ്ക, ബംഗ്ലദേശ് എന്നിവർക്കൊപ്പം രണ്ടാം ക്വാളിഫയർ വിജയിക്കുന്ന ടീമും മത്സരിക്കും. രണ്ടു ഗ്രൂപ്പുകളിൽ നിന്നുമായി ഏറ്റവും മികച്ച ഏഴു ടീമുകൾ ‘സൂപ്പർ സെവൻ’ ഘട്ടത്തിലേക്ക് യോഗ്യത നേടും. അതിൽ നിന്ന് ഏറ്റവും മികച്ച നാല് ടീമുകളായിരിക്കും സെമിഫൈനലിലേക്ക് പ്രവേശിക്കുക.2023 ലോകകപ്പ് ഫൈനലിൽ തോൽപ്പിച്ച ഓസ്ട്രേലിയക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യയ്ക്ക് മത്സരിക്കേണ്ടി വരും. ഒക്ടോബർ 7നാണ് ഇന്ത്യ– ഓസീസ് മത്സരം. ഇതിനുമുൻപ് 2003ൽ ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് നടന്നപ്പോഴും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലായിരുന്നു ഫൈനൽ പോരാട്ടം. ഇന്ത്യൻ ക്രിക്കറ്റിനും ആരാധകർക്കും 2027 ലോകകപ്പ് ഏറെ നിർണായകമാണ്. ഒന്ന്, കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പകരം ചോദിക്കുക. രണ്ട്, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ലോകകപ്പ് വേദിയിൽ കളിക്കുന്ന അവസാന ടൂർണമെന്റ് ആയിരിക്കും ഇത്.ആദ്യം മൂന്ന് ടീമുകൾ ‘സൂപ്പർ സീരീസ്’ കളിക്കും, അതിൽ നിന്ന് വിജയിക്കുന്ന ഒരു ടീം 12 ടീമുകൾ അടങ്ങുന്ന പ്രധാന ഗ്രൂപ്പ് ഘട്ടത്തിലേക്ക് പ്രവേശിക്കും. തുടർന്ന് ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച്, അതിലെ മികച്ച ഏഴ് ടീമുകൾ ‘സൂപ്പർ സെവനിലേക്ക്’ മുന്നേറും. അവിടെനിന്നും ആദ്യ നാല് സ്ഥാനക്കാർ സെമിഫൈനലിലെത്തും. സെമിയിലെ വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും. ലോകകപ്പ് നേടാൻ ഒരു ടീമിന് പ്രധാന ഗ്രൂപ്പ് ഘട്ടം മുതൽ ആകെ 13 മത്സരങ്ങൾ കളിക്കേണ്ടി വരും. പ്രാഥമിക ഘട്ടത്തിൽ അഞ്ച് മത്സരങ്ങളും സൂപ്പർ സെവനിൽ ആറ് മത്സരങ്ങളും ഇതിനുപുറമെ സെമിഫൈനലും ഫൈനലും കളിക്കണം.
Auto ⏭️




