SPORTS
19കാരൻ ജോബിന്റെ സെഞ്ചറി, ‘കലിപ്പ്’ മോഡിൽ കൊച്ചി; സാലി സാംസണും സംഘത്തിനും കൂറ്റൻ ജയം

തിരുവനന്തപുരം ∙ ടൂർണമെന്റിൽനിന്നു പുറത്തായതിന്റെ ‘കലിപ്പ്’ കളത്തിൽ പുറത്തെടുത്തതോടെ ആലപ്പി റിപ്പിൾസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 69 റൺസിന്റെ കൂറ്റൻ ജയം. കൊച്ചി ഉയർത്തിയ 243 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി, 18.4 ഓവറിൽ 173 റൺസിന് ഓൾഔട്ടായി. തോറ്റെങ്കിലും ആലപ്പി റിപ്പിൾസ് സെമിഫൈനലിൽ കടന്നു. തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് ടീമുകളും സെമിയിൽ പ്രവേശിച്ചു. സെമി സാധ്യതകൾ അവസാനിച്ച ടൈഗേഴ്സ് പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായാണ് റിപ്പിൾസിനെതിരെ കളിക്കാനിറങ്ങിയത്. ജോബിൻ ജോബിയും വിപുൽ ശക്തിയും ചേർന്നുള്ള പുത്തൻ കൂട്ടുകെട്ട് കൊച്ചിക്ക് തകർപ്പൻ തുടക്കം നൽകുകയും ചെയ്തു. ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേർന്ന് ആറാം ഓവറിൽ തന്നെ കൊച്ചിയുടെ സ്കോർ അമ്പത് കടത്തി. ഇടയ്ക്ക് ഇരുവരുടെയും ക്യാച്ചുകൾ കൈവിട്ടത് റിപ്പിൾസിന് തിരിച്ചടിയായി. സ്കോർ എഴുപതിൽ നിൽക്കെ 39 റൺസെടുത്ത വിപുൽ ശക്തി റണ്ണൗട്ടായി. എന്നാൽ ജോബിനൊപ്പം മനുകൃഷ്ണൻ ചേർന്നതോടെ കൊച്ചിയുടെ സ്കോറിങ് കൂടുതൽ വേഗത്തിലായി. 12-ാം ഓവറിൽ കൊച്ചിയുടെ സ്കോർ 100 കടന്നു.ഒടുവിൽ അവസാന ഓവറിലെ രണ്ടാം പന്തിൽ ജോബിൻ ജോബി സെഞ്ചറി പൂർത്തിയാക്കി. 32 പന്തുകളിൽ നിന്ന് അർധസെഞ്ചറി നേടിയ ജോബിന് സെഞ്ചറിയിലേക്കു വേണ്ടി വന്നത് 16 പന്തുകൾ കൂടി മാത്രമാണ്. പത്ത് ഫോറും എട്ട് സിക്സുമടങ്ങുന്നതായിരുന്നു ജോബിന്റെ ഇന്നിങ്സ്. ഇതോടെ കെസിഎലിൽ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന നേട്ടവും ഈ പത്തൊൻപതുകാരനെ തേടിയെത്തി. ആലപ്പിക്ക് വേണ്ടി സിബിൻ ഗിരീഷ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
Auto ⏭️


