NEWS

ലക്ഷ്മി വിളക്ക് തെളിഞ്ഞില്ല: ലോഹിതാക്ഷൻ ഓർമ്മയിലാണ്ടു

കാസർകോട്: ഡയാലിസിസിന്റെ വേദനകളെ പിന്നിലാക്കി ‘ലക്ഷ്മി വിളക്കി”ന്റെ ശില്പി ലോഹിതാക്ഷൻ ആചാരി (45)​ ഓർമ്മയായി. ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കകൾ തകരാറിലായതിനെ തുടർന്ന് ആഴ്‌ചയിൽ മൂന്നുതവണ ഡയാലിസിസ് നടത്തിയിരുന്നു.

കൊങ്ങ് പ്ലാവിന്റെ ഒറ്റത്തടിയിലാണ് ലോഹിതാക്ഷൻ അപൂർവ ലക്ഷ്മി വിളക്ക് കൊത്തിയെടുത്തത്. 10 മാസമെടുത്തായിരുന്നു നിർമ്മാണം. ചങ്ങലകളുൾപ്പെടെ മുഴുവൻ ഭാഗങ്ങളും ഒറ്റത്തടിയിലാണ് കൊത്തിയെടുത്തത്. തന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്ക് ലക്ഷ്മി വിളക്ക് സമ്മാനിക്കാനാണ് ലോഹിതാക്ഷൻ ആഗ്രഹിച്ചിരുന്നത്.

വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് 50 ലക്ഷം രൂപ ആവശ്യമായിരുന്നു. വൃക്ക നൽകാൻ കുടുംബവും തയ്യാറായിരുന്നു. ലോഹിതാക്ഷനായി കേളോത്ത് യുവശക്തി ക്ലബിന്റെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റി 14 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ശസ്ത്രക്രിയ നടക്കാത്തതിനാൽ തുക ബാങ്കിലുണ്ട്.

രണ്ട് വർഷം മുമ്പ് ജോലിക്കിടെ കാഴ്‌ച കുറഞ്ഞതോടെയാണ് ലോഹിതാക്ഷൻ ആചാരി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയെ തുടർന്ന് ഒരു മാസം കഴിഞ്ഞപ്പോൾ കാഴ്‌ച പൂർവസ്ഥിതിയിലായി. പക്ഷേ വൈകാതെ വൃക്കകൾ തകരാറിലായി.

പ്രശസ്‌ത വാസ്‌തുവിദഗ്‌ദ്ധൻ പരേതനായ കുഞ്ഞിരാമൻ ആചാരിയുടെയും ദേവകിയുടെയും മകനാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപമുൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ ക്ഷേത്രങ്ങളിലെ നിർമ്മാണങ്ങളിൽ അദ്ദേഹം പങ്കാളിയായി. അർച്ചനയാണ് ഭാര്യ. വിദ്യാർത്ഥികളായ ആരോമലും അഭിമന്യുവുമാണ് മക്കൾ.

Read News ⏭️

Back to top button