NEWS

ജന്മദിനാഘോഷത്തിനും ബൈക്കിനും പണം വേണം; 17കാരനെ കൊന്ന് സ്വർണമാല കവർന്ന സുഹൃത്തുക്കൾ പിടിയിൽ

പ്രതീകാത്മക ചിത്രം

മുംബയ്: ജന്മദിനം ആഘോഷിക്കാനും പുതിയ ബൈക്ക് വാങ്ങാനും പണം കണ്ടെത്തുന്നതിന് 17കാരനായ സുഹൃത്തിനെ രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താണെ ആസാദ് നഗർ സ്വദേശിയായ പ്രജ്യോത് കാംബ്ലെയാണ് കൊല്ലപ്പട്ടത്. പ്രജ്യോത് ധരിച്ചിരുന്ന സ്വർണമാല കവരാനായിരുന്നു സുഹൃത്തുക്കളുടെ ക്രൂരതയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പ്രതികൾ കൊലപാതകത്തിനു ശേഷം മൃതദേഹം കത്തിക്കുകയും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി മൊബൈൽ ഫോൺ ഓടിക്കൊണ്ടിരുന്ന ബസിലേക്ക് എറിയുകയും ചെയ്തു. സെപ്തംബർ 24ന് രാത്രി ഏഴുമണിയോടെയാണ് പ്രജ്യോതിനെ കാണാതായത്. തൊട്ടടുത്ത ദിവസം പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രജ്യോതിന്റെ സുഹൃത്തുക്കളിലൊരാളെ പൊലീസ് ചോദ്യം ചെയ്തപ്പോൾ അജ്ഞാതനായ ഒരാൾക്കൊപ്പം ബൈക്കിൽ ഘോഡ്ബന്ദർ ഭാഗത്തേക്ക് പോയെന്നായിരുന്നു മൊഴി.

എന്നാൽ, ഈ റൂട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൊഴി വ്യാജമാണെന്ന് പൊലീസിന് വ്യക്തമാകുകയായിരുന്നു. തുടർന്ന് ശാസ്ത്രീയ തെളിവുകളുടെയും മൊബൈൽ ലൊക്കേഷൻ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വീണ്ടും സുഹൃത്തിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പ്രജ്യോത് കഴുത്തിൽ സ്വർണമാല ധരിക്കാറുണ്ടായിരുന്നു. പ്രതികളായ രണ്ട് ആൺകുട്ടികളിൽ ഒരാൾക്ക് ജന്മദിനം ആഘോഷിക്കാനും മറ്റേയാൾക്ക് പുതിയ ബൈക്ക് വാങ്ങുന്നതിനുമായി പ്രജ്യോതിന്റെ മാല കവരാൻ പദ്ധതിയിടുകയായിരുന്നു. സെപ്തംബർ 24ന് പുകവലിക്കാനെന്ന വ്യാജേന താണെയിലെ ബ്രഹ്മാണ്ഡ് ഫേസ് 2 പ്രദേശത്തിനടുത്തുള്ള വിജനമായ കാട്ടുപ്രദേശത്തേക്ക് പ്രജ്യോതിനെ ഇരുവരും കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് കത്തികൊണ്ട് കുത്തുകയും വലിയ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

തെളിവുകൾ നശിപ്പിക്കാൻ അടുത്ത ദിവസം മൃതദേഹത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി. പൊലീസ് അന്വേഷണം വഴിതെറ്റിക്കാനായി പ്രജ്യോതിന്റെ മൊബൈൽ ഫോൺ ഒരു ബസിലേക്ക് എറിയുകയും ചെയ്തു. ഫോണിന്റെ ലൊക്കേഷൻ മാറിക്കൊണ്ടിരിക്കുന്നതിലൂടെ അന്വേഷണത്തെ തെറ്റായ ദിശയിലേക്ക് നയിക്കാമെന്നായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ സിസിടിവി പരിശോധിച്ച പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായും അന്വേഷമം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

English Summary

In Thane, Maharashtra, two minors murdered their 17-year-old friend, Prajyot Kamble, to steal his gold chain. The perpetrators sought funds for a birthday and a new bike. They lured Prajyot to a secluded area, stabbing and bludgeoning him before burning the body and discarding his phone to mislead police. Investigation involving CCTV and mobile tracking led to their arrest and confession.
RELATED TOPICS: THANE MINOR MURDER, GOLD CHAIN ROBBERY, TEENAGER MURDER CASE, THANE CRIME NEWS, MUMBAI CRIME NEWS

Read News ⏭️

Back to top button