SPORTS

മുട്ടിക്കളിയല്ല, നിന്നടിച്ച് രാഹുൽ ദ്രാവിഡിന്റെ മകൻ, 100 പന്തിൽ 151, സെഞ്ചറിയുമായി കർണാടകയെ നോക്കൗട്ടിലെത്തിച്ച് അന്വയ്


വിശാഖപട്ടണം∙ വിനു മങ്കാദ് ട്രോഫിയിൽ തകർപ്പൻ ബാറ്റിങ് പ്രകടനം തുടർന്ന് മുൻ ഇന്ത്യന്‍ താരം രാഹുൽ ദ്രാവിഡിന്റെ മകൻ അന്വയ് ദ്രാവിഡ്. ഗുജറാത്തിനെതിരായ പോരാട്ടത്തിൽ 100 പന്തുകൾ നേരിട്ട അന്വയ് ദ്രാവിഡ് 151 റൺസാണ് വിശാഖപട്ടണത്ത് സ്കോർ ചെയ്തത്. മത്സരത്തിൽ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയ കർണാടക നോക്കൗട്ട് റൗണ്ടിലേക്കു കടന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 357 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ കർണാടകയുടെ വിജയലക്ഷ്യം വിജെഡി നിയമപ്രകാരം 352 റൺസായി വെട്ടിച്ചുരുക്കിയിരുന്നു.മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനായി മധ്യനിര താരങ്ങളായ സമീർ ഭണ്ഡാരിയും (88 പന്തിൽ 119), യാഷ് പഞ്ച്‌വാനിയും (57 പന്തിൽ 106) സെഞ്ചറി നേടി പുറത്താകാതെനിന്നു. സ്കോർ 140 ൽ നിൽക്കെ നാലാം വിക്കറ്റ് നഷ്ടമായ ഗുജറാത്തിനെ ഇരുവരും ചേർന്നാണ് 350 റൺസെന്ന മികച്ച സ്കോറിലേക്കെത്തിച്ചത്. എന്നാൽ മറുപടിയിൽ കർണാടകയ്ക്കായി ധ്രുവ് കൃഷ്ണനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ അന്വയ് ദ്രാവിഡ് 204 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി.


Auto ⏭️

Back to top button