NEWS
ബോട്ടിലെത്തി, റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് പ്രയോഗിച്ചു: സൗദി തീരത്ത് ആക്രമണം, ‘ഓഫാക്കിയാൽ’ ശത്രുവെന്ന് ഇറാൻ

ദമാം∙ കിഴക്കൻ സൗദി അറേബ്യയിലെ ജുബൈലിന് വടക്കുകിഴക്കായി എണ്ണ ടാങ്കറിനു നേരെ ആക്രമണം നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. ജുബൈലിൽ നിന്ന് ഏകദേശം 78 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.ചെറിയ ബോട്ടിലെത്തിയ സംഘം റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും, ഇതേതുടർന്ന് കപ്പലിന്റെ പിൻഭാഗത്ത് ഇടതുവശത്തായി കേടുപാടുകൾ സംഭവിച്ചതായും കപ്പലിന്റെ ക്യാപ്റ്റൻ സ്ഥിരീകരിച്ചു. കപ്പലിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണ്. കപ്പലിനുണ്ടായ ഭൗതിക കേടുപാടുകളെക്കുറിച്ചും പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചും വിശദമായ പരിശോധന നടക്കുകയാണ്. പ്രദേശത്തുകൂടി കടന്നുപോകുന്ന എല്ലാ കപ്പലുകളും ജാഗ്രത പാലിക്കണമെന്നും സംശയസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു.ഇറാൻ കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തതുമുതൽ ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് അവരുടെ അനുമതി നിർബന്ധമാക്കിയിരുന്നു. ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് മറുപടിയായി, ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിനായി അമേരിക്ക പ്രദേശത്ത് നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കി സഞ്ചരിക്കുന്ന കപ്പലുകളെ ശത്രുതാപരമായ നീക്കമായി കണക്കാക്കുമെന്ന് റവല്യൂഷണറി ഗാർഡ് നാവിക കമാൻഡർ അഡ്മിറൽ അലി ഒസ്മായി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു
Fashion ⏭️




