യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മദ്യക്കുപ്പിയും ലഹരിയും എത്തിയത് ഗൗരവകരം, അന്വേഷണം നടത്തുമെന്ന് മന്ത്രി

മന്ത്രി റോജി എം.ജോൺ, ഇന്നലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ നടന്ന സംഘർഷം
തിരുവനന്തപുരം : പാളയത്തെ യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ മദ്യക്കുപ്പികളും ലഹരിയും എത്തിയത് ഗൗരവകരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി ഇത്തരം പ്രവണതകൾ തടയാൻ കൃത്യമായ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്തുണ്ടായ സംഘർഷം നിർഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു. കലാലയ രാഷ്ട്രീയം വേണം എന്നാണ് സർക്കാർ നിലപാട്. ഹോസ്റ്റലിന് ഉള്ളിൽ വിദ്യാർത്ഥികൾ അല്ലാത്തവർ താമസിക്കുന്നത് ഗൗരവമായി പരിശോധിക്കും. പ്രകോപനം ഉണ്ടാക്കാൻ ചില ആളുകൾ ആസൂത്രിത ശ്രമം നടത്തി. പുറത്തു നിന്നുള്ളവർ താമസിക്കുന്നത് തടയാൻ് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞതും ദേശീയ പതാക തകർത്തതും അംഗീകരിക്കാനാവില്ലെന്നും റോജി എം. ജോൺ പറഞ്ഞു.
പ്രകോപനം ഇല്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം നടത്തിയത്. സമരം നടത്തുന്നവരെ കല്ലെറിഞ്ഞാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികമാണെന്നും മന്ത്രി വ്യക്തമാക്കി.




