SPORTS
ഹാർദിക് ‘തുടരും’, പക്ഷേ ക്യാപ്റ്റൻസി തെറിക്കും; മുംബൈയുടെ പുതിയെ നായകനെ രോഹിത് തീരുമാനിക്കും; പരിഗണനയിൽ 2 പേർ

മുംബൈ ∙ മാസങ്ങൾ നീണ്ട ട്രേഡ് അഭ്യൂഹങ്ങൾക്കൊടുവിൽ, ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ തന്നെ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഹാർദിക്കുമായി ബന്ധപ്പെട്ട കൈമാറ്റ ചർച്ചകൾ ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെന്നും അനുയോജ്യമായ ഡീലുകളൊന്നും മുംബൈയ്ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് വിവരം. അതിനാൽ 2027 ഐപിഎൽ സീസണിലും ഹാർദിക് ഫ്രാഞ്ചൈസിക്കൊപ്പം തുടരുമെന്നാണ് വിവരം. എന്നാൽ, ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹാർദിക് പാണ്ഡ്യയെ നീക്കുമെന്നാണ് റിപ്പോർട്ട്. പുതിയ ക്യാപ്റ്റനെ നിശ്ചയിക്കുന്ന ചർച്ചകളിൽ രോഹിത് ശർമയ്ക്ക് വലിയ പങ്കുണ്ടെന്നും സൂചനയുണ്ട്. ഹാർദിക്കിന്റെ ട്രേഡുമായി ബന്ധപ്പെട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി മുംബൈ ചർച്ചകൾ നടത്തിയിരുന്നു. ഹാർദിക്കിനു പകരമായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ നൽകാമെന്ന് കൊൽക്കത്ത നിർദേശിച്ചെങ്കിലും മുംബൈ അതിന് തയാറായില്ല. ചെന്നൈ സൂപ്പർ കിങ്സ്, അവരുടെ പുതിയ ഹെഡ് കോച്ചിനെ തീരുമാനിച്ചതിന് ശേഷം അവരുമായും ചർച്ചകൾ നടന്നേക്കും.രണ്ടു വർഷത്തെ കരാറിലൊപ്പിട്ട മഹേല ജയവർധനെ ഒരു വർഷം കൂടി ടീമിന്റെ ഹെഡ് കോച്ചായി തുടരുമെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു. 2027ഐപിഎൽ സീസണിന് ശേഷം മെഗാ ലേലം നടക്കാതിരിക്കുന്നന്നതിനാലാണ് മുംബൈ ഇന്ത്യൻസ് ടീം ഇപ്പോൾ വലിയ അഴിച്ചുപണികൾക്ക് മുതിരാത്തത്.
Auto ⏭️


