കിഫ്ബിയുടെ അനധികൃത ഭൂമി ഏറ്റെടുക്കൽ: ഭരണച്ചെലവ് 1900 കോടി

തിരുവനന്തപുരം: പദ്ധതികളൊന്നുമില്ലാതെ ഏക്കർകണക്കിന് ഭൂമി ഏറ്റെടുക്കാൻ കിഫ്ബി ഭരണച്ചെലവായി കണക്കാക്കിയത് 1900 കോടിയിലേറെ രൂപ. 12,727കോടി രൂപയ്ക്കാണ് കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഭൂമി ഏറ്റെടുത്തത്. ഭൂമിവിലയുടെ 15 ശതമാനം വരെ തുകയാണ് ഭരണച്ചെലവായി കണക്കാക്കിയത്. ഇതേക്കുറിച്ചും വിജിലൻസ് അന്വേഷിച്ചേക്കും.
ഭൂമിയേറ്റെടുക്കാൻ ഏഴു വർഷം വരെയെടുക്കുന്ന സാഹചര്യത്തിൽ ചെലവ് 15,000 കോടിവരെയാവാം. അങ്ങനെയായാൽ ഭരണച്ചെലവ് 2250 കോടിവരെ ഉയരാം. വൻകിടപദ്ധതികൾക്ക് ഭൂമിയേറ്റെടുക്കുമ്പോൾ ഭരണച്ചെലവ് ഭൂമിവിലയുടെ 2.5 ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ് ചട്ടം. റെയിൽവേ പദ്ധതികൾക്കുള്ള സങ്കീർണ ഭൂമിയേറ്റെടുക്കലിൽ ഭരണച്ചെലവ് അഞ്ച് ശതമാനമേ ആകാവൂ. മറ്റു കേന്ദ്രപദ്ധതികളിലിത് ഒരു ശതമാനമാണ്.
കണ്ണൂരിലും പാലക്കാട്ടുമായി 5366 ഏക്കറാണ് ഏറ്റെടുത്തത്. ഏക്കറിന് 2.4 കോടിക്കായിരുന്നു ഏറ്റെടുക്കൽ. കിൻഫ്രവഴിയുള്ള ഭൂമിയേറ്റെടുക്കലിന് ഹഡ്കോയാണ് വായ്പ നൽകിയത്. നാല് ഘട്ടങ്ങളായി കണ്ണൂരിൽ 4896ഉം പാലക്കാട്ട് 470ഏക്കറും ഏറ്റെടുക്കാനായിരുന്നു തീരുമാനം.
അതേസമയം വ്യവസായമേഖലയ്ക്കായി കണ്ണൂർ പട്ടാനൂർ പണയത്തുപറമ്പിലിൽ 1000 ഏക്കറേറ്റെടുക്കാമെന്ന് 2016-17ലെ ബഡ്ജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു. ഇത് മാറ്റിമറിച്ച് കണ്ണൂരിലാകെ 4896 ഏക്കറേറ്റെടുക്കാൻ തീരുമാനിച്ചത്. 2489 കോടിക്ക് 1000 ഏക്കർ ഏറ്റെടുത്തുകഴിഞ്ഞു. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനങ്ങൾ പലവട്ടം നീട്ടി. സാമൂഹ്യാഘാതപഠനം കഴിഞ്ഞാൽ ഭൂമിയേറ്റെടുക്കും വരെ 12 ശതമാനം നഷ്ടപരിഹാരവും നൽകണം.
കണ്ണൂർ നിക്ഷേപകേന്ദ്രമാകുമെന്ന് വാദം
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ നിർദ്ദേശപ്രകാരം കിഫ്ബി ജനറൽബോഡിയാണ്
കണ്ണൂരിലും പാലക്കാട്ടും കൂടുതൽ ഭൂമിയേറ്രെടുക്കാൻ അനുമതിനൽകിയത്. 2018 ഒക്ടോബർ 25നായിരുന്നു യോഗം. ആരോഗ്യമേഖല, ലോജിസ്റ്റിക്സ്, ഹോട്ട-അനുബന്ധ വ്യവസായങ്ങൾ, സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, അക്കാഡമികൾ എന്നിവയ്ക്കായി ഭൂമിയേറ്റെടുക്കാമെന്നാണ് കിൻഫ്രയുടെ നോട്ട്. കണ്ണൂർ വിമാനത്താവളവും അഴീക്കൽ തുറമുഖവും കണ്ണൂരിനെ നിക്ഷേപകേന്ദ്രമാക്കുമെന്ന വിശദീകരണത്തിലായിരുന്നു ഭൂമി ഏറ്റെടുക്കൽ. കൊച്ചി-കോയമ്പത്തൂർ വ്യാവസായിക ഇടനാഴിക്കടുത്തായതിനാൽ പാലക്കാട്ടും നിക്ഷേപം വരുമെന്ന് വിലയിരുത്തി. സ്വകാര്യവ്യക്തികൾ ചുളുവിലയ്ക്ക് വാങ്ങിയ ഭൂമിയാണ് ഏറ്റെടുത്തത്.
കിഫ്ബി ഭൂമി വാങ്ങിയത് ഭാവിലെ
ആവശ്യത്തിന്:തോമസ് ഐസക്ക്
#ക്രമക്കേടില്ലെന്ന് അവകാശവാദം
കണ്ണൂർ:ഭൂമിവില കൂടാനുള്ള സാദ്ധ്യത മുൻകൂട്ടികണ്ടാണ് കിഫ്ബി തുക ഉപയോഗിച്ച് ഭാവിപദ്ധതികൾക്ക് അധിക ഭൂമി ഏറ്റെടുത്തതെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് വിലനിശ്ചയിച്ചതെന്നും തോമസ് ഐസക് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
കിഫ്ബിയുടെ പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടി സർക്കാരും അംഗീകരിച്ചതാണ്. 50 കോടിക്ക് അപ്പുറമുള്ള പദ്ധതികൾ ഏറ്റെടുത്തിട്ടില്ല.എല്ലാ എം.എൽ.എമാരും കിഫ്ബി ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. കിഫ് ബിയിൽ 24000 കോടി രൂപ ബാക്കിയുണ്ട്. ചെറിയ വ്യത്യാസം മാത്രമേ മുഖ്യമന്ത്രി വി.ഡി.സതീശൻ പറയുന്ന കണക്കിലുള്ളൂ. കിഫ്ബി പദ്ധതികൾ നിർത്തലാക്കാൻ ശ്രമിച്ചാൽ പ്രതിഷേധ സമരം നടത്തും. കിഫ്ബിയെ കുറിച്ചു ധാരണയില്ലാതെയാണ് അന്വേഷണ സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. ബഡ്ജറ്റിൽ ഫണ്ട് വകയിരുത്തിയാൽ മാത്രം ഒരു സർക്കാരിന് വികസന പ്രവർത്തനങ്ങൾ നടത്താനാവില്ല. കിഫ്ബി വരുമാനമുണ്ടാകുന്ന പദ്ധതികൾ മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങളും നടത്താനുണ്ടാക്കിയതാണ്. നാട്ടിലുണ്ടായ മാറ്റങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും ഭൂമി ഏറ്റെടുക്കുന്നത് അവിടങ്ങളിലെ സാഹചര്യമനുസരിച്ചാണ് കണ്ണൂരിനുംപാലക്കാടിനും പ്രാധാന്യം നൽകിയിട്ടുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.
നോട്ടീസ് പതിച്ചത് ധൃതിപിടിച്ച്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി നോട്ടീസ് പതിച്ചത് ധൃതി പിടിച്ചുള്ള നടപടിയാണ്. പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയിൽ ഹരജി നൽകിയ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ കുറച്ചുകൂടി ദിവസങ്ങൾ കാത്തു നിൽക്കാമായിരുന്നുവെന്ന് തോമസ് ഐസക്ക് പ്രതികരിച്ചു




