SPORTS
ഈ ടീമിൽ സഞ്ജു സാംസണെ എവിടെ കളിപ്പിക്കും? ടീം മാനേജ്മെന്റിനു മുന്നില്‍ ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം

മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ? ടീം മാനേജ്മെന്റിനോട് ചോദ്യം ഉന്നയിച്ചിരിക്കുകയാണ് മുൻ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ദിനേഷ് കാർത്തിക്ക്. ‘‘ഈ ടീമിൽ വൈഭവ് സൂര്യവംശിയുടെ സ്ഥാനം എവിടെയാണ്? സഞ്ജു സാംസണെ എവിടെ കളിപ്പിക്കും? അദ്ദേഹം ലോകകപ്പിലെ വളരെ പ്രധാനപ്പെട്ട താരമാണ്. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെയാണ് സഞ്ജുവിനെ ടീമിൽനിന്നു പുറത്താക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ സ്ഥാനം എങ്ങനെയാണ്?’’– ദിനേഷ് കാർത്തിക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പ്രതികരിച്ചു.ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് കോംബിനേഷൻ എന്താണെന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. സിംബാബ്‍വെയ്ക്കെതിരെയാണ് ഇന്ത്യ ഒടുവിൽ ട്വന്റി20 പരമ്പര കളിച്ചത്. ഈ പരമ്പരയിൽ അഭിഷേക് ശർമ– വൈഭവ് സൂര്യവംശി സഖ്യമായിരുന്നു ഇന്ത്യയുടെ ഓപ്പണർമാർ. ലോകകപ്പിലെ അഭിഷേക്– സഞ്ജു സാംസൺ കോംബോയോ, അല്ലെങ്കിൽ അഭിഷേക്– വൈഭവ് കോംബോയെ ഇന്ത്യ പരീക്ഷിക്കാനാണു സാധ്യത. അതേസമയം വൈഭവ് സൂര്യവംശിയും സഞ്ജുവും ഓപ്പണിങ്ങിൽ ഇറങ്ങി അഭിഷേകിന് വിശ്രമം അനുവദിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.
Auto ⏭️


