ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ വിജയം: ഷെഹബാസ് ഷെരീഫിന്റെ ആഘോഷത്തിന് സോഷ്യൽ മീഡിയയിൽ പരിഹാസം

ലഹോർ: ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാൻ ടീമിനെ അഭിനന്ദിച്ച പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് പാത്രമാകുന്നു. ഐസിസിയോ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലോ അംഗീകരിച്ച ഔദ്യോഗിക ടൂർണമെന്റല്ല ഇതെന്നിരിക്കെ, പാക്കിസ്ഥാന്റെ വിജയത്തെ അമിതമായി ആഘോഷിച്ചതിനാണ് പ്രധാനമന്ത്രിക്കെതിരെ ട്രോളുകൾ നിറയുന്നത്. ഈ വിജയത്തിന്റെ പേരിൽ രാജ്യത്ത് അവധി പ്രഖ്യാപിക്കുമോ എന്ന പരിഹാസ ചോദ്യമാണ് പലരും ഉയർത്തുന്നത്.
ഹോങ്കോങ് സിക്സസ് പോരാട്ടത്തിൽ നാല് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യം ക്രീസിലെത്തിയ ഇന്ത്യ നിശ്ചിത ആറ് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 88 റൺസാണ് ബോർഡിൽ ചേർത്തത്. 11 പന്തിൽ നിന്ന് 40 റൺസ് വാരിക്കൂട്ടിയ ശശാങ്ക് സിംഗിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ അനായാസം വിജയലക്ഷ്യം മറികടന്നു. വെറും 3.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവർ 92 റൺസെടുത്ത് മത്സരം സ്വന്തമാക്കി. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ഓപ്പണർമാരായ ഖവാജ നഫായ് (12 പന്തിൽ 41), അബ്ബാസ് അഫ്രീദി (8 പന്തിൽ 35) എന്നിവർ ചേർന്ന് വെറും 13 പന്തുകളിൽ നിന്ന് 59 റൺസ് അടിച്ചുകൂട്ടിയതാണ് പാക്കിസ്ഥാന് അനായാസ ജയം ഒരുക്കിയത്.




