LIFESTYLE

വായ്പയില്ലാതെ എഴുപത് ലക്ഷത്തിന്റെ വീട്: യുവതിയുടെ വിജയഗാഥ സമൂഹമാധ്യമങ്ങളിൽ

സ്വന്തമായി ഒരു വീട് എന്നത് ഇന്നത്തെ കാലത്ത് പലർക്കും വലിയൊരു വെല്ലുവിളിയാണ്. ലക്ഷക്കണക്കിന് രൂപ മുടക്കിയാൽ പോലും വീട് പണി പൂർത്തിയാക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ് വാസ്തവം. ബാങ്കുകളിൽ നിന്ന് ഭവന വായ്പയെടുത്ത് വീട് പണിയാമെന്ന് വെച്ചാലും, പലപ്പോഴും ആ തുക ഒന്നിനും തികയാറില്ല. വായ്പയുടെ തിരിച്ചടവുകളും പലിശയും കാരണം സമാധാനം നഷ്ടപ്പെടുന്ന അവസ്ഥയാണ് മിക്കവർക്കും. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്രയിലെ ഷഹാദ് സ്വദേശിനിയായ പൂജ ഗൗഡ എന്ന യുവതി, ഹോം ലോണെടുക്കാതെ 70 ലക്ഷം രൂപയുടെ വീട് സ്വന്തമാക്കി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാകുന്നത്.

തന്റെ മൂന്ന് വർഷത്തെ സമ്പാദ്യം കൃത്യമായി വിനിയോഗിച്ചാണ് പൂജ ഈ സ്വപ്നനേട്ടം കൈവരിച്ചത്. വീട് വാങ്ങുന്നതിനായി 60 ലക്ഷം രൂപയും ഇന്റീരിയർ വർക്കുകൾക്കായി 10 ലക്ഷം രൂപയുമാണ് ചെലവായത്. ജോലി ലഭിച്ച ആദ്യ വർഷം മുതൽ തന്നെ സമ്പാദ്യത്തിൽ വലിയ ശ്രദ്ധ ചെലുത്തിയിരുന്നു. ശമ്പളത്തിന് പുറമേ മറ്റൊരു ‘ഡ്രീം അക്കൗണ്ട്’ വഴി മാത്രമായിരുന്നു പൂജ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. ഇതിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ല. നേരത്തെയുള്ള വീട് വിൽക്കാതെ തന്നെ ഈ പുതിയ വീട് സ്വന്തമാക്കിയെന്നതാണ് ശ്രദ്ധേയം. പഴയ വീട് വാടകയ്ക്ക് നൽകിയതിലൂടെ അധിക വരുമാനവും പൂജയ്ക്കുണ്ട്.

ഹോം ലോണിലേക്ക് പോകേണ്ടി വരുമോ എന്ന് ഭയന്ന സമയത്താണ് അച്ഛന്റെ ഉപദേശം പൂജയ്ക്ക് തുണയായത്. കൈവശമുള്ള തുകയ്ക്ക് പുറമേ, വീടുപണിയുടെ ഘട്ടങ്ങൾക്കനുസരിച്ച് ബാക്കി തുക ഗഡുക്കളായി നൽകാൻ ബിൽഡറുമായി ധാരണയുണ്ടാക്കുകയായിരുന്നു. 36 മാസം കൊണ്ട് ഓരോ ലക്ഷം രൂപ വീതവും, വീട് പണി പൂർത്തിയായപ്പോൾ ബാക്കി 8 ലക്ഷം രൂപയുമാണ് നൽകിയത്. സെയിൽസ് രംഗത്തെ കരിയറാണ് പൂജയ്ക്ക് ഇതിനായി വലിയ സഹായം നൽകിയത്. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച വരുമാനം ലഭിച്ചതും, മാസത്തിൽ ലഭിച്ച ഒന്നര ലക്ഷത്തോളം രൂപയുടെ ഇൻസെന്റീവുകൾ ഈ ആവശ്യത്തിനായി മാറ്റിവെച്ചതുമാണ് കാര്യങ്ങൾ എളുപ്പമാക്കിയത്.

ലഭിക്കുന്ന വരുമാനം മുഴുവൻ ചെലവഴിക്കാൻ നോക്കാതെ, കൃത്യമായ ആസൂത്രണത്തോടെ സമ്പാദിച്ചതാണ് പൂജയുടെ വിജയരഹസ്യം. ആർക്കും ആസൂത്രണമുണ്ടെങ്കിൽ ഇത്തരത്തിൽ സ്വന്തമായി വീട് വെക്കാമെന്ന് പൂജ തെളിയിക്കുന്നു. അനാവശ്യ ചെലവുകൾ ഒഴിവാക്കി, തങ്ങളുടെ സ്വപ്നങ്ങൾക്കായി ഒരു പ്രത്യേക അക്കൗണ്ട് തുടങ്ങി അതിലേക്ക് കൃത്യമായ വിഹിതം നിക്ഷേപിക്കാൻ എല്ലാവരും തയാറാകണമെന്നാണ് പൂജയുടെ ഉപദേശം.

Cinema ⏭️

Back to top button