NEWS

പൊലീസുമായി ഒരു കുതിരസവാരി: പൊതുജനങ്ങൾക്ക് പരിശീലനവുമായി തൃശൂർ സിറ്റി പൊലീസ്

തിരുവനന്തപുരം ∙ കുതിരസവാരി അഭ്യസിക്കാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ പരിശീലന പദ്ധതിയുമായി പൊലീസ്. പൊലീസിന്റെ പ്രത്യേക വിഭാഗമായ മൗണ്ടഡ് പൊലീസ് സേനയുടെ നേതൃത്വത്തിലായിരിക്കും ഇതിനുള്ള സൗകര്യമൊരുക്കുക. സേനയുടെ കൈവശമുള്ള 18 കുതിരകളെ ഉപയോഗിച്ചാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ദൗത്യത്തിനൊപ്പം, യുവാക്കൾക്ക് ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും സമയം ക്രിയാത്മകമായി ചെലവഴിക്കാനും അവസരമൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ മുന്നോട്ടുവെച്ച ഈ കൗതുകകരമായ ആശയത്തിന് സംസ്ഥാന പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖർ പൂർണ അനുമതി നൽകുകയായിരുന്നു. പ്രാരംഭ ഘട്ടത്തിൽ പൊലീസുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായിരിക്കും പരിശീലനത്തിൽ മുൻഗണന നൽകുക. തുടർന്ന് പൊതുജനങ്ങൾക്കും ഇതിൽ പങ്കുചേരാനുള്ള അവസരമുണ്ടാകും. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പരിശീലനത്തിനായി അപേക്ഷിക്കാം.

15 വയസ്സ് പൂർത്തിയായവർ മുതൽ 60 വയസ്സുവരെയുള്ളവർക്കാണ് പ്രവേശനം അനുവദിക്കുക. ദിവസവും രാവിലെയോ വൈകിട്ടോ ആയി 30 ദിവസത്തെ പരിശീലന പരിപാടിയാണ് അധികൃതർ ആസൂത്രണം ചെയ്യുന്നത്.

Fashion ⏭️

Back to top button