ആഗോള വിപണിയിലേക്ക് റിലയൻസ് ജിയോ; യുബിആർ സാങ്കേതികവിദ്യയുമായി അംബാനിയുടെ നീക്കം

ഇന്ത്യൻ ടെലികോം രംഗത്ത് തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ച ജിയോ, ഇനി ലോകമെമ്പാടുമുള്ള ബ്രോഡ്ബാൻഡ് വിപണി കൂടി പിടിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി അമേരിക്കയിലെ മുൻനിര ബ്രോഡ്ബാൻഡ്, കേബിൾ സേവന ദാതാക്കളായ ചാർട്ടർ കമ്മ്യൂണിക്കേഷൻസ്, കോംകാസ്റ്റ് എന്നിവരുമായി ജിയോ പ്ലാറ്റ്ഫോംസ് നിർണായക ചർച്ചകൾ നടത്തുന്നതായാണ് വിവരം. തങ്ങൾ വികസിപ്പിച്ചെടുത്ത അത്യാധുനിക യു.ബി.ആർ (UBR) വയർലെസ് ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിദേശരാജ്യങ്ങളിൽ ഭീമമായ തുക മുടക്കി സ്വന്തമായി നെറ്റ്വർക്കുകൾ നിർമിക്കുന്നതിന് പകരം, നിലവിലുള്ള ടെലികോം കമ്പനികൾക്ക് തങ്ങളുടെ സാങ്കേതികവിദ്യ ലൈസൻസിങ് വ്യവസ്ഥയിൽ കൈമാറി വിപണി വിപുലീകരിക്കാനാണ് ജിയോ പദ്ധതിയിടുന്നത്.
ജിയോയുടെ UBR സാങ്കേതികവിദ്യ
ജിയോയുടെ ആഗോള വികസന തന്ത്രത്തിലെ കാതലായ വശം ‘അൺലൈസൻസ്ഡ് ബാൻഡ് റേഡിയോ’ (UBR) എന്ന സാങ്കേതികവിദ്യയാണ്. കെട്ടിടങ്ങളുടെ മുകൾഭാഗത്തോ ടവറുകളിലോ സ്ഥാപിക്കുന്ന ട്രാൻസ്മിറ്ററുകൾ വഴി, ലൈസൻസിന്റെ ആവശ്യമില്ലാത്ത വൈഫൈ ഫ്രീക്വൻസികൾ ഉപയോഗിച്ച് ഇന്റർനെറ്റ് സിഗ്നലുകൾ ലഭ്യമാക്കുന്ന രീതിയാണിത്. കെട്ടിടങ്ങളിൽ സജ്ജീകരിക്കുന്ന റിസീവറുകൾ വഴി ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കുന്നു. ഓരോ വീടുകളിലേക്കും കേബിളുകൾ വലിക്കേണ്ടതില്ല എന്നതും, ചെലവേറിയ സ്പെക്ട്രം വാങ്ങേണ്ടതില്ലെന്നതും ഈ സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷതകളാണ്. ഇതുവഴി കുറഞ്ഞ ചിലവിൽ മികച്ച വേഗതയുള്ള ഇന്റർനെറ്റ് കൂടുതൽ കുടുംബങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ജിയോ വിശ്വസിക്കുന്നു.
എന്തുകൊണ്ട് കോംകാസ്റ്റും ചാർട്ടറും?
അമേരിക്കൻ ഹോം ബ്രോഡ്ബാൻഡ് വിപണിയിൽ കടുത്ത വെല്ലുവിളികളാണ് കോംകാസ്റ്റും ചാർട്ടറും നേരിടുന്നത്. ഫൈബർ കണക്ഷനുകളിലേക്കും ഫിക്സഡ് വയർലെസ് ബ്രോഡ്ബാൻഡിലേക്കും ഉപഭോക്താക്കൾ മാറുന്ന സാഹചര്യത്തിൽ, തങ്ങളുടെ സേവനങ്ങൾ നവീകരിക്കാൻ പുതിയ സാങ്കേതിക മാർഗങ്ങൾ ഈ കമ്പനികൾ തിരയുന്നുണ്ട്. ഇവിടെയാണ് ജിയോയുടെ സാങ്കേതികവിദ്യ നിർണായകമാവുക. പരമ്പരാഗത കേബിൾ ശൃംഖലകൾക്ക് പകരമായി കുറഞ്ഞ ചെലവിൽ സേവനം നൽകാൻ ഇത് സഹായിക്കും. അമേരിക്കയിലെ വലിയ ഉപഭോക്തൃ അടിത്തറയുള്ള ഈ കമ്പനികളുമായി സഹകരിക്കുന്നത് ജിയോയുടെ വിദേശ പ്രവേശനത്തിന് വലിയ ഗുണം ചെയ്യും.
ആഗോള പങ്കാളികളെ തേടി
ലോകത്താകമാനം 10 മുതൽ 15 വരെ ടെലികോം ഓപ്പറേറ്റർമാരുമായി കൈകോർക്കാൻ ജിയോ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിലും വളർന്നുവരുന്ന വിപണികളിലും ഒരേപോലെ ഈ സാങ്കേതികവിദ്യ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. നേരത്തെ ദക്ഷിണാഫ്രിക്കയിലെ എം.ടി.എൻ ഗ്രൂപ്പുമായി ചർച്ചകൾ നടത്തിയെങ്കിലും, ലൈസൻസിങ് വ്യവസ്ഥകളിലും മൂല്യനിർണയത്തിലും സമവായത്തിൽ എത്താൻ കഴിയാത്തതിനാൽ ആ നീക്കം വിജയിച്ചില്ല.
ഇന്ത്യയിലെ കരുത്തുറ്റ അടിത്തറ
ഇന്ത്യയിൽ 50 കോടിയിലധികം മൊബൈൽ വരിക്കാരും ഏകദേശം 1.5 കോടി വയർഡ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുമുള്ള ജിയോയുടെ കൈമുതൽ വലുതാണ്. കമ്പനിയുടെ UBR സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരുടെ എണ്ണം ഇതിനകം 65 ലക്ഷം കടന്നതായി റിലയൻസ് അറിയിച്ചിട്ടുണ്ട്.
ആഗോള ടെക് കമ്പനിയാകാനുള്ള യാത്ര
ഇന്ത്യൻ ടെലികോം വിപണിയിൽ നിന്നും സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന ഒരു ആഗോള സ്ഥാപനമായി വളരാനാണ് ജിയോയുടെ അടുത്ത നീക്കം. വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പകരം ലൈസൻസിങ് കരാറുകളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും വരുമാനം കണ്ടെത്താനാണ് ശ്രമം. എന്നിരുന്നാലും, അമേരിക്കൻ കമ്പനികളുമായുള്ള കരാർ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയിട്ടില്ല. പങ്കാളിത്തത്തിന്റെ വ്യവസ്ഥകളും സമയക്രമവും സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.




