NEWS

വയനാട്ടിലെ ക്ഷീരകർഷക ദമ്പതികളുടെ പ്രശ്നം: സഹായം ഉറപ്പുനൽകി മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: വയനാട് ബത്തേരി നെന്മേനി ചമയംകുന്നിൽ ക്ഷീരഫാം പ്രവർത്തിപ്പിക്കുന്ന സ്റ്റെഫിൻ പോൾ, സുഭാഷ് ജോയ് എന്നീ ദമ്പതികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിൽ അടിയന്തര ഇടപെടലുമായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ രംഗത്ത്. കർഷകയായ സ്റ്റെഫിൻ പോളിനെ നേരിട്ട് ഫോണിൽ വിളിച്ച മന്ത്രി, സർക്കാർ തലത്തിൽ പൂർണ്ണമായ പിന്തുണ വാഗ്ദാനം ചെയ്തു.

ഈ വിഷയം സംബന്ധിച്ച് ജില്ലാ ചുമതലയുള്ള മന്ത്രി ടി. സിദ്ദിഖുമായി ബിന്ദു കൃഷ്ണ ചർച്ച നടത്തി. കർഷക ദമ്പതികൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും പ്രാദേശിക തലത്തിൽ ഒരുക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി സിദ്ദിഖ് ഉറപ്പുനൽകി.

പ്രശ്നത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർക്കും മന്ത്രി നിർദേശം നൽകി. ഫാമിലെത്തി സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്താനും തുടർനടപടികൾ സ്വീകരിക്കാനുമാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.

മുൻപ് ഈ വിഷയം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ നടത്തിയ അന്വേഷണത്തിൽ കർഷകരുടെ ഭാഗത്ത് വീഴ്ചയൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു. വായ്പയടക്കം രണ്ട് കോടിയോളം രൂപ നിക്ഷേപിച്ച് എഴുപതിലധികം പശുക്കളുമായി ഫാം നടത്തുന്ന ഈ ദമ്പതികൾ നേരിടുന്ന വെല്ലുവിളികളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ നോക്കിക്കാണുന്നത്.

ക്ഷീരമേഖലയിലെ കർഷകർക്ക് സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കുക എന്നത് സർക്കാരിന്റെയും വകുപ്പിന്റെയും പ്രധാന ഉത്തരവാദിത്തമാണെന്ന് മന്ത്രി വ്യക്തമാക്കി. തടസ്സങ്ങളില്ലാതെ ഫാം മുന്നോട്ടുകൊണ്ടുപോകാൻ സ്റ്റെഫിൻ പോളിനും സുഭാഷ് ജോയിക്കും ആവശ്യമായ എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

RELATED TOPICS: BINDU KRISHNA, WAYANAD DAIRY FARMERS, DAIRY FARM KERALA, DAIRY FARMER COUPLE, KERALA AGRICULTURE NEWS

Sports ⏭️

Read News ⏭️

Back to top button