ദീപാവലി ആഘോഷത്തിൽ നോൺ-വെജ് ഭക്ഷണം: പ്രിയങ്ക ചോപ്രയ്ക്കെതിരെ സൈബർ ആക്രമണം

പ്രിയങ്ക ചോപ്ര
ലോസ് ഏഞ്ചൽസിലെ വസതിയിൽ ഭർത്താവ് നിക്ക് ജോനാസിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം. ഉത്സവനാളിലെ ആഘോഷക്കാഴ്ചകൾക്കൊപ്പം താരം പോസ്റ്റ് ചെയ്ത ഒരു ചിത്രം വിവാദങ്ങൾക്ക് തിരികൊളുത്തുകയായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായുള്ള ഭക്ഷണവിഭവങ്ങളുടെയും അലങ്കാരങ്ങളുടെയും ചിത്രങ്ങൾക്കൊപ്പം മാംസാഹാരം കഴിക്കുന്ന ഒരു ചിത്രവും പ്രിയങ്ക ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ചെമ്മീൻ കഴിക്കുന്ന ചിത്രം പങ്കുവെച്ചതാണ് ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്. ദീപാവലി പോലുള്ള പുണ്യദിനത്തിൽ ഇത്തരം ഭക്ഷണരീതികൾ കാണിക്കുന്നത് ഹൈന്ദവ വിശ്വാസങ്ങളെയും സാംസ്കാരിക പാരമ്പര്യങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് വിമർശകരുടെ വാദം. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുമ്പോൾ തന്നെ, മതാചാരങ്ങളുടെ ഗൗരവം ഉൾക്കൊള്ളാൻ താരം തയ്യാറായില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
“ദീപാവലി ദിവസം നോൺ-വെജ് കഴിക്കുന്നത് എന്തിനാണ്?”, “ഈ വിശേഷ ദിവസത്തിൽ ഇങ്ങനെയൊരു വിഭവം ഒട്ടും അനുയോജ്യമായില്ല”, “പരമ്പരാഗത മൺചിരാതുകൾക്ക് പകരം മെഴുകുതിരികൾ ഉപയോഗിച്ചതിലെ യുക്തിയെന്താണ്?” എന്നിങ്ങനെ നീളുന്നു വിമർശന കമന്റുകൾ. കൂടാതെ, പ്രിയങ്കയുടെ വസ്ത്രധാരണത്തെയും കേശാലങ്കാരത്തെയും പരിഹസിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. വിദേശത്ത് സ്ഥിരതാമസമാണെങ്കിലും ഇന്ത്യൻ ആഘോഷങ്ങളെയും ആചാരങ്ങളെയും തന്റെ ജീവിതത്തിൽ മുറുകെ പിടിക്കുന്ന വ്യക്തിയാണ് പ്രിയങ്ക. മകൾ മാൾട്ടിക്കൊപ്പം ദസറ ആഘോഷിച്ചതും, നിക്ക് ജോനാസ് കന്യാപൂജയുടെ ഭാഗമായി മകളുടെ പാദങ്ങൾ കഴുകുന്ന ദൃശ്യങ്ങളും നേരത്തെ താരം പങ്കുവെച്ചിരുന്നു.
അതേസമയം, എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വാരണാസി’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് തിരികെയെത്താൻ തയ്യാറെടുക്കുകയാണ് പ്രിയങ്ക. മഹേഷ് ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൈം-ട്രാവൽ ആക്ഷൻ ചിത്രം 2027 ഏപ്രിൽ ഏഴിന് വെള്ളിത്തിരയിലെത്തും.




