തൃശൂർ മെഡിക്കൽ കോളേജ് ചികിത്സ: ആധാർ കാർഡ് നിർബന്ധമാക്കി

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച മുതൽ ചികിത്സ തേടി പ്രവേശനം നേടുന്ന രോഗികൾക്ക് പുതിയ രജിസ്ട്രേഷൻ നിബന്ധനകൾ ഏർപ്പെടുത്തി. ആധാർ കാർഡും അതിൽ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും ഉപയോഗിച്ച് ലഭ്യമാകുന്ന എബിഎച്ച്എ (ABHA) ഐഡി അഥവാ യുഎച്ച്ഐഡി (UHID) വഴിയായിരിക്കണം ഇനി മുതൽ രജിസ്ട്രേഷൻ നടത്തേണ്ടത്.
അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളെ ഈ നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും, സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം തേടി റഫറൽ രേഖകളുമായി വരുന്നവർക്ക് പുതിയ സംവിധാനം നിർബന്ധമാണ്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ കീഴിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ രോഗികളുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി ഡിജിറ്റൽ രൂപത്തിൽ ദീർഘകാലത്തേക്ക് ശേഖരിച്ചുവെക്കാനും, തുടർചികിത്സാ നടപടികൾ കൂടുതൽ ലളിതമാക്കാനും സാധിക്കും.
വരും ദിവസങ്ങളിൽ ആശുപത്രിയിലെത്തുന്ന എല്ലാ രോഗികളിലേക്കും ഈ ഡിജിറ്റൽ സംവിധാനം പൂർണമായും വ്യാപിപ്പിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. അതിനാൽ, ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നവർ ആധാർ കാർഡും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണും നിർബന്ധമായും കയ്യിൽ കരുതണമെന്ന് നിർദ്ദേശിക്കുന്നു.




