ചൈനയിലെ ഇറാൻ രഹസ്യ തുറമുഖം: പെസെഷ്കിയാൻ നീക്കവും ഖമനയി സെക്രട്ടറിയുടെ വെളിപ്പെടുത്തലും

അമേരിക്കൻ ഉപരോധങ്ങളെ മറികടന്നുകൊണ്ട് പെട്രോളിയം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ചൈനയിലെ വിവിധ തുറമുഖ ടെർമിനലുകളും സംഭരണ സൗകര്യങ്ങളും ഇറാൻ സ്വന്തമാക്കിയതായി രഹസ്യ രേഖകൾ വെളിപ്പെടുത്തുന്നു. നിലവിൽ ഇറാനുമായുള്ള കപ്പൽ ഗതാഗതത്തിന് അമേരിക്ക കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, കരമാർഗമുള്ള ഇറാനിയൻ വ്യാപാര നീക്കങ്ങളെ തടയാൻ ‘അയൺ ഗേറ്റ്’ എന്ന പേരിൽ ഒരു പ്രത്യേക ടാസ്ക് ഫോഴ്സിനെയും യുഎസ് രംഗത്തിറക്കിയിട്ടുണ്ട്.
രാജ്യാന്തര തലത്തിൽ എണ്ണ വിതരണം നടത്തുന്നതിനായി ‘ഷാഡോ ഫ്ലീറ്റ്’ അഥവാ നിഴൽ കപ്പൽ വ്യൂഹത്തെയാണ് ഇറാൻ ആശ്രയിച്ചുപോന്നത്. എന്നാൽ, ഇത്തരം കപ്പലുകളെയും യുഎസ് നിരീക്ഷിക്കാൻ തുടങ്ങിയതോടെയാണ് ചൈനയിലെ ടെർമിനലുകളെ തന്ത്രപ്രധാന ഇടത്താവളങ്ങളായി ഇറാൻ ഉപയോഗിക്കാൻ തുടങ്ങിയത്. ഇറാനിൽ നിന്ന് ഷാഡോ ഫ്ലീറ്റ് വഴി കൊണ്ടുവരുന്ന അസംസ്കൃത എണ്ണ നേരിട്ട് ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനായി ഈ ടെർമിനലുകൾ ദീർഘകാലത്തേക്ക് പാട്ടത്തിന് എടുക്കുകയായിരുന്നു. സമുദ്രമധ്യത്തിൽ വെച്ച് ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ഇന്ധനം മാറ്റുന്ന ‘ഷിപ് ടു ഷിപ് ട്രാൻസ്ഫർ’ പോലുള്ള അപകടകരമായ നടപടികൾ ഒഴിവാക്കാനും ഈ സംവിധാനം ഇറാനെ സഹായിക്കുന്നു.
മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സെക്രട്ടറിയായിരുന്ന അലി ഷംഖാനിയും, നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയുടെ (NIOC) മുൻ മേധാവി ഹമീദ് ബോവാർഡും തമ്മിലുള്ള രഹസ്യ കത്തിടപാടുകളിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഭരണകാലത്ത് എണ്ണ വിൽപ്പനയിൽ വലിയ ഇടിവ് സംഭവിച്ചതായും, നിലവിലെ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അധികാരത്തിൽ വന്ന ശേഷമാണ് ചൈനയുമായുള്ള ഈ ഒളിച്ചുകടത്തൽ നീക്കങ്ങൾക്ക് വേഗത കൈവന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു. ഉപരോധങ്ങളെ അതിജീവിച്ച് ചൈനീസ് തുറമുഖങ്ങളിൽ പ്രവേശിക്കാൻ സാധിക്കുന്ന കപ്പലുകൾ വഴി എണ്ണ കടത്തുന്നത് തുടരാൻ ഇടനിലക്കാർക്ക് നിർദേശം നൽകിയതായും ബോവാർഡ് കത്തിൽ സൂചിപ്പിക്കുന്നു.
അതേസമയം, ഈ സാഹചര്യത്തെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള നീക്കത്തിലാണ് ചൈന. വൻതോതിൽ എണ്ണ വാങ്ങണമെന്ന ഇറാൻ്റെ ആവശ്യം നിലനിൽക്കുമ്പോൾ തന്നെ, വെനസ്വേല പോലുള്ള മറ്റ് രാജ്യങ്ങളെയും ചൈന പരിഗണിക്കുന്നുണ്ട്. ഇറാനിയൻ എണ്ണയ്ക്ക് വലിയ തോതിൽ വിലക്കിഴിവ് (ഡിസ്കൗണ്ട്) നൽകണമെന്ന കർശന നിലപാടാണ് ചൈന സ്വീകരിക്കുന്നതെന്നും പുറത്തുവന്ന കത്തിൽ പരാമർശമുണ്ട്.




