സൗദിയിൽ നിന്ന് പ്രവാസികളെ നാട്ടിലെത്തിച്ച് മാതൃരാജ്യം: അപ്ലിഫ്റ്റ് പദ്ധതിക്ക് തുടക്കം

റിയാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് സൗദി അറേബ്യയിൽ നിന്ന് 75 ഫിലിപ്പീൻസ് പൗരന്മാർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങി. ഫിലിപ്പീൻസ് ഗവൺമെന്റ് സ്വന്തം ചെലവിൽ നടപ്പിലാക്കുന്ന റീപാട്രിയേഷൻ പദ്ധതിയുടെ ഭാഗമായാണ് ഇവരെ തിരിച്ചെത്തിച്ചത്. ഖത്തർ എയർവേയ്സിന്റെ ക്യുആർ 934 വിമാനത്തിൽ മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ സംഘത്തിന് അടിയന്തര ചികിത്സ, ധനസഹായം, കൂടാതെ താമസ സൗകര്യങ്ങളും അധികൃതർ ഒരുക്കി നൽകി.
ഈ പദ്ധതി വഴി മടക്കയാത്ര നടത്തുന്ന ഇരുപതാമത്തെ സംഘമാണിത്. ഇതോടെ സൗദിയിൽ നിന്നും മാത്രം സുരക്ഷിതമായി നാട്ടിലെത്തിയ ഫിലിപ്പീൻസ് പൗരന്മാരുടെ എണ്ണം 940 ആയി വർധിച്ചതായി ഫിലിപ്പീൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് മൈഗ്രന്റ് വർക്കേഴ്സ് വ്യക്തമാക്കി. മൈഗ്രന്റ് വർക്കേഴ്സ് വകുപ്പ്, ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ, വിവിധ സർക്കാർ ഏജൻസികൾ എന്നിവർ ചേർന്ന് നടത്തിയ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധിയിലായ 5,395 തൊഴിലാളികൾക്ക് ഇതിനകം സഹായങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ പ്രത്യേക നിർദേശപ്രകാരം നടപ്പാക്കുന്ന ‘അപ്ലിഫ്റ്റ്’ എന്ന പദ്ധതിയിലൂടെ വിദേശത്ത് ജോലി ചെയ്യുന്ന പൗരന്മാരുടെയും അവരുടെ ആശ്രിതരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് ഗവൺമെന്റ് ഊർജ്ജിതമാക്കിയിരിക്കുന്നത്.




