വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്? നിലപാട് വ്യക്തമാക്കി താരം

സൂര്യ
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം താരങ്ങൾക്കിടയിൽ പുതുമയുള്ള കാര്യമല്ല. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു തമിഴ് സൂപ്പർതാരം വിജയ് അഭിനയത്തിന് വിട നൽകി ടിവികെ എന്ന പാർട്ടിയുമായി രാഷ്ട്രീയത്തിൽ സജീവമായത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഭരണം തുടരുമ്പോൾ, അതേ പാത പിന്തുടർന്ന് കൂടുതൽ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന തരത്തിൽ വലിയ തോതിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും മറ്റും ഉയർന്നിരുന്നു.
ഈ വിഷയത്തിൽ ഒടുവിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടൻ സൂര്യ. തന്റെ പുതിയ ചിത്രമായ ‘സീൻ’ എന്ന സിനിമയുടെ വിജയത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ്, താൻ രാഷ്ട്രീയത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നില്ലെന്ന് താരം കട്ടായം പറഞ്ഞത്.
‘ഞാൻ ഒരിക്കലും രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്നില്ല. എന്നാൽ, ഇത് രാഷ്ട്രീയത്തോടുള്ള അയിത്തം കൊണ്ടല്ല. വളരെ ഗൗരവത്തോടെയും നിശബ്ദമായും രാഷ്ട്രീയ സാഹചര്യങ്ങളെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഒരു രാഷ്ട്രീയക്കാരന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂർണമായ അറിവോ വ്യക്തതയോ ഇല്ലാതെ ഈ മേഖലയിലേക്ക് ഇറങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല’- സൂര്യ തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്.
അതേസമയം, ജിത്തു മാധവൻ സംവിധാനം ചെയ്ത സൂര്യ ചിത്രം ‘സീൻ’ നൂറു കോടി ക്ലബ്ബിൽ ഇടംനേടിക്കൊണ്ട് വൻ വിജയമായി മാറി. റിലീസ് ചെയ്ത മൂന്നാം ദിവസം തന്നെ ചരിത്രപരമായ ഈ നേട്ടം ചിത്രം സ്വന്തമാക്കി. ‘കറുപ്പ്’, ‘വിശ്വനാഥ് ആന്റ് സൺസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ വർഷം ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂര്യക്ക് സാധിച്ചു. പ്രദർശനത്തിന്റെ രണ്ടാം ദിവസം 85 കോടി രൂപയായിരുന്നു ആഗോളതലത്തിൽ ചിത്രം നേടിയത്. ആദ്യ ദിനത്തിൽ മാത്രം 41 കോടി രൂപ കളക്ഷൻ നേടാനും ചിത്രത്തിന് കഴിഞ്ഞു. ജിത്തു മാധവന്റെ ആദ്യ തമിഴ് ചിത്രമായ ‘സീനി’ൽ ഇമ്പൻ എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. പതിവ് സൂര്യ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അഭിനയശൈലിയാണ് താരം ഈ സിനിമയിൽ കാഴ്ചവെച്ചത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം തമിഴ് സിനിമാ ലോകത്തേക്ക് ഗംഭീരമായ മടങ്ങിവരവ് നടത്തിയത് ഈ ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ നസ്ലിൻ അവതരിപ്പിച്ച ‘സൈക്കോ കില്ലർ’ വേഷം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.




