NEWS
ട്രംപിനെ വിവാദത്തിലാക്കി വൈറ്റ്ഹൗസ് വനിത: ആരാണ് നതാലി?

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിമർശനങ്ങൾ പുത്തരിയല്ല. എന്നാൽ ഇപ്പോൾ ട്രംപിനെതിരെ ഉയരുന്ന വിമർശനങ്ങളിലെ പ്രധാനവിഷയം ഒരു സ്ത്രീയാണ്. വൈറ്റ്ഹൗസ് എക്സിക്യൂട്ടീവ് അസിസ്റ്റന്റായ നതാലി ഹാർപ് (35). അത്ര വലിയ ഉദ്യോഗസ്ഥയല്ലെങ്കിലും ട്രംപിനുമേൽ നതാലി വലിയ സ്വാധീനം ചെലുത്തുന്നെന്ന് ട്രംപിന്റെ അടുപ്പക്കാർ തന്നെ കുറ്റപ്പെടുത്തുന്നു. നതാലിയുമായുള്ള ട്രംപിന്റെ അടുത്ത ബന്ധത്തെ ഡമോക്രാറ്റ് പാർട്ടിയുടെ സെനറ്റർ ജോൺ ഓസോഫ് കഴിഞ്ഞദിവസം വിമർശിച്ചതോടെയാണ് അവർ ലോകപ്രശസ്തയായത്.മുൻപ് മാധ്യമപ്രവർത്തകയായിരുന്ന നതാലി ട്രംപിന്റെ കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിർണായക പങ്ക് വഹിച്ചു. ട്രംപിന്റെ ‘ട്രൂത്ത് സോഷ്യൽ’ സമൂഹമാധ്യമം നിയന്ത്രിക്കുന്നതിലും നതാലിക്ക് പങ്കുണ്ട്. 2023 ൽ ട്രംപ് ന്യൂയോർക്കിലേക്കു പോകവേ സ്ഥലമില്ലാത്തതിനാൽ വാഹനവ്യൂഹത്തിൽ കയറാൻ നതാലിക്കു കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇവർ കാറുകളിലൊന്നിന്റെ ഡിക്കിയിൽ കയറി യാത്ര ചെയ്തതും ശ്രദ്ധ നേടി. എപ്പോഴും ഒരു പോർട്ടബിൾ പ്രിന്റർ കയ്യിൽ കരുതുന്ന നതാലി, ട്രംപിന് ആവശ്യമായ വാർത്തകളും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും മറ്റു വിവരങ്ങളും അച്ചടിച്ചു നൽകാറുണ്ട്. ‘മനുഷ്യ പ്രിന്റർ’ എന്ന വിളിപ്പേരും അവർക്കുണ്ട്.
Fashion ⏭️


