ഭാഷയിലും ഗണിതത്തിലും മെച്ചപ്പെടാതെ 7-ാം ക്ലാസിലേക്ക് വിജയിപ്പിക്കില്ല: മന്ത്രി

തിരുവനന്തപുരം:ഭാഷയിലും ഗണിതത്തിലും കഴിവുകൾ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചുവിടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാകേരളവും സംയുക്തമായി നടപ്പാക്കുന്ന റിവൈവ് പദ്ധതിയുടെ സംസ്ഥാനതല സാക്ഷാത്കാരപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിലും പിന്നാക്കമുളളവരെ പ്രത്യേക പിന്തുണ നൽകി മറ്റുള്ളവർക്കൊപ്പം എത്തിക്കുന്ന റിവൈവ് പദ്ധതി വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാകും. 100 ദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ച 16 പദ്ധതികളും നടപ്പിലാക്കി. എല്ലാ ഏകാദ്ധ്യാപക വിദ്യാലയങ്ങളും എൽ.പി.സ്‌കൂളുകളാക്കി. അദ്ധ്യാപകരുടെ ദീർഘകാലപ്രശ്നങ്ങൾ പരിഹരിച്ചു. ഹൈസ്‌കൂൾ തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനം ആരംഭിച്ചതിനൊപ്പം എൽ.പി, യു.പി സ്‌കൂളുകളിൽ ഡിജിറ്റൽ സ്‌ക്വയറുകൾ സ്ഥാപിച്ചു. ഹയർസെക്കൻഡറി തലത്തിൽ പുതിയ ബാച്ചുകൾ ആരംഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ഭാവിയെ രൂപപ്പെടുത്തുന്നതിന് ഭാഷാ, ഗണിത അറിവുകൾക്ക് പ്രാധാന്യമുണ്ടെന്ന് അദ്ധ്യക്ഷനായ ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു.
സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. കെ.മോഹനകുമാർ, തിരുവനന്തപുരം എസ്.പി.ഒ ഇൻചാർജ് വി.കെ.അബ്ദുറഹിമാൻ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ പനവൂർ നിസാമുദീൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിജു.ആർ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാ നായർ, പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാ.നെൽസൺ വലിയവീട്ടിൽ, ഹെഡ്മാസ്റ്റർ റെജി ലൂക്കോസ്, പി.ടി.എ പ്രസിഡന്റ് മനോജ് കെ.ബി തുടങ്ങിയവർ പങ്കെടുത്തു.




