ഗുരുനിന്ദ നടത്തി വെറുതേ പോകാമെന്ന് ആരും കരുതേണ്ട: തുഷാർ വെള്ളാപ്പള്ളി

മൂവാറ്റുപുഴ:ഭഗവാൻ ശ്രീനാരായണഗുരുദേവനെ നിന്ദിച്ച് നിർഭയം മുന്നോട്ടുപോകാമെന്ന് ആരും കരുതേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. കെ.വി.സുഭാഷിന്റെ ഗുരുദേവനിന്ദയ്ക്കെതിരെ എറണാകുളം, ഇടുക്കി ജില്ലകളിലെ യോഗം പ്രവർത്തകർ കലൂർ പേരമംഗലത്തേക്ക് നടത്തിയ കൂറ്റൻ പ്രതിഷേധറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണീയരുടെ സമാധാനപരമായ താക്കീതു മാത്രമാണിത്. വേണ്ടിവന്നാൽ സമാധാനപരമല്ലാതെയും സമരം ചെയ്യാൻ ശ്രീനാരായണീയർക്ക് അറിയാം. ഗുരുദേവനെ ദൈവമായി ആരാധിക്കുന്ന ജനകോടികൾ കേരളത്തിലുണ്ട്. ഗുരുനിന്ദ നടത്തി അവരെ വെല്ലുവിളിച്ച് ഇവിടെ വിലസാമെന്ന് ആരും കരുതേണ്ട. വ്യാജതന്ത്രിയും ആത്മീയ തട്ടിപ്പുകാരനുമായ സുഭാഷ് യോഗം പ്രവർത്തകർക്ക് മുന്നിൽ ആരുമല്ല. ശ്രീനാരായണഗുരുദേവനെ നിരന്തരം നവമാദ്ധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത്, പേരമംഗലത്ത് ക്ഷേത്രമെന്ന പേരിൽ ഇയാൾ നടത്തുന്ന ആത്മീയ അധാേലോക തട്ടിപ്പ് കേന്ദ്രം അടച്ചുപൂട്ടിക്കണം. സമൂഹത്തിൽ നിന്ന് തുടച്ചുനീക്കിയ ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും സാമ്പത്തികലാഭത്തിനായി തിരികെ കൊണ്ടുവരാനാണ് സുഭാഷിനെ പോലെയുള്ള തട്ടിപ്പുകാർ ശ്രമിക്കുന്നത്. ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ സാധാരണക്കാരായ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തി വൻതുകകൾ ഈടാക്കി ദുർമന്ത്രവാദവും ആഭിചാരങ്ങളും തടത്തുകയാണ് സുഭാഷും കൂട്ടരും. ഇതിനെ പ്രതിരോധിക്കേണ്ടത് ഓരോ ശ്രീനാരായണീയന്റെയും കടമയാണ്. ഗുരുദേവൻ നൽകിയ നവോത്ഥാനമൂല്യങ്ങളെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ല. ഇക്കൂട്ടർക്കെതിരെ നടപടിയെടുക്കാൻ സർക്കാരും മുന്നോട്ടുവരണമെന്ന് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
പേരമംഗലം ജംഗ്ഷനിലും കാവക്കാട് കനാൽബണ്ട് ജംഗ്ഷനിലും പൊലീസ് ബാരിക്കേഡ് വച്ച് പ്രതിഷേധക്കാരെ തടഞ്ഞു.
യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷനായി. മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ നേതാക്കളായ എം.ബി.ശ്രീകുമാർ, സുരേഷ് പരമേശ്വരൻ, പി.എ.സോമൻ, ബിജുമാധവൻ, യോഗം കൗൺസിലംഗം ബാബു കടുത്തുരുത്തി, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതിയംഗം സജേഷ് മണലേൽ എന്നിവർ സംസാരിച്ചു.




