വീട്ടമ്മയ്ക്ക് കളമശേരിയിൽ കൂട്ടമാനഭംഗം രക്ഷപ്പെട്ടത് ആത്മഹത്യ ഭീഷണി മുഴക്കി ബിയർകുപ്പി പൊട്ടിച്ച് കഴുത്തിൽ വച്ചു

കൊച്ചി: കളമശേരിയിൽ കൂട്ടമാനഭംഗത്തിന് ഇരയായ വീട്ടമ്മ, ക്രിമിനൽ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത് ബിയർകുപ്പി പൊട്ടിച്ച് കഴുത്തിൽ വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പ്രതികൾ പരിഭ്രാന്തിയിലായപ്പോൾ വീട്ടമ്മ ഇറങ്ങി ഓടി. തടവിലാക്കി ദുരുപയോഗം ചെയ്യാനും മറ്റുള്ളവർക്ക് കാഴ്ചവയ്ക്കാനുമായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. വീട്ടമ്മയുടെ കൊടിയ ദുരിതം ഭർത്താവാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ശാരീരികമായും മാനസികമായും തകർന്ന വീട്ടമ്മ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദേഹമാസകലം പരിക്കുണ്ട്. അദ്ധ്യാപികയായിരുന്ന ഇവർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഗർഭം അലസിയതിനാൽ മാനസികമായി അത്ര നല്ല നിലയിലായിരുന്നില്ല. മാനസിക സമ്മർദ്ദം മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ജോലി തേടൽ. സ്പായിൽ മാനേജരുടെ ഒഴിവുണ്ടെന്ന പരസ്യം ഒ.എൽ.എക്സിൽ കണ്ടതോടെ അപേക്ഷിച്ചു. രാവിലെ മൂന്നാറിലേക്ക് ടൂറിസ്റ്റുകളുമായി പോയ ഭർത്താവിനെ വിളിച്ച് അഭിമുഖത്തിന് വിളിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പിന്നീട് ലഭിച്ചെന്നും അറിയിച്ചിരുന്നു. വൈകിട്ട് ജീവനക്കാരുടെ പാർട്ടിയുണ്ടെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോകാൻ വണ്ടി അയച്ചു. വയനാട് സ്വദേശി അമ്മുവാണ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ഐസ്ക്രീമിനൊപ്പം ലഹരി നൽകി. പിന്നീട്
ബോധരഹിതയാക്കി മാനഭംഗപ്പെടുത്തി. പിന്നീട് ഭക്ഷണത്തിലുൾപ്പെടെ മയക്കുമരുന്ന് നൽകി വീണ്ടും മാനഭംഗത്തിന് ശ്രമിച്ചു. ഇടപ്പള്ളിയിലെ സ്പായിൽ നിന്ന് സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഭർത്താവില്ലെന്ന് ഉറപ്പിച്ച് ആസൂത്രണം
ഭർത്താവ് ടാക്സിയുമായി പോയെന്ന് ഉറപ്പിച്ചാണ് വീട്ടമ്മയെ ലോഡ്ജിലെത്തിച്ചത്. രണ്ടാം പ്രതിയായ വയനാട് സ്വദേശി അമ്മുവും നാലാംപ്രതി സഞ്ജുവും ഒളിവിലാണ്. രക്ഷപ്പെടാനുള്ള വീട്ടമ്മയുടെ ശ്രമം തടഞ്ഞത് സഞ്ജുവായിരുന്നു. ഇവരെ വൈകാതെ പിടികൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടാൽ വീട്ടമ്മയുടെ വിശദമൊഴി രേഖപ്പെടുത്തും. അറസ്റ്റിലായ ആലപ്പുഴ സ്വദേശി ശ്രീരാജ്, എറണാകുളം സ്വദേശി ജിത്ത് മാർട്ടിൻ എന്നിവർക്കായി കസ്റ്റഡി അപേക്ഷ നൽകും. ശ്രീരാജ് ലഹരിക്കേസിലും പിടിയിലായിട്ടുണ്ട്.
അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കും. സർക്കാർ ഒപ്പമുണ്ടാകും. ഭർത്താവുമായി ഫോണിൽ സംസാരിക്കുകയും നിലവിലെ സാഹചര്യം നേരിട്ട് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയും നിയമസഹായവും ഉൾപ്പെടെ എല്ലാ സർക്കാർ പിന്തുണയും ഉറപ്പാക്കും.
വി.ഇ.അബ്ദുൽ ഗഫൂർ
മന്ത്രി
‘അവൾ ട്രോമയിൽ,
എന്നെപ്പോലും
കാണേണ്ട’
’മുമ്പ് ഒരു ഗർഭച്ഛിദ്രം കഴിഞ്ഞതിൽ പിന്നെ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അവൾ. പിന്നെ ജോലി പോയ വിഷമവും. ഒരു പുതിയ തുടക്കം വേണമായിരുന്നു. ജോലി അവൾക്ക് സന്തോഷമാകുമെങ്കിൽ ആകട്ടെ എന്നായിരുന്നു എനിക്ക്. ” കളമശ്ശേരിയിൽ സ്പാ ജോലിക്ക് അഭിമുഖത്തിന് പോയ ഭാര്യക്കുണ്ടായ ദുര്യോഗത്തെ കുറിച്ച് വിവരിക്കുമ്പോൾ ഭർത്താവിന് നെഞ്ചകം തകരുന്ന വേദന.
‘ട്രാവൽസിന്റെ ആവശ്യത്തിനായി ഞാൻ മൂന്നാറിലേക്ക് പോയി. അപ്പോഴാണ് സ്പായിൽ മാനേജർ ജോലിക്കായുള്ള അഭിമുഖത്തിന് വിളിക്കുന്നത്. ജോലി ലഭിച്ചെന്ന സന്തോഷത്തിൽ വീട്ടിലെത്തിയ അവളെ, വീണ്ടും വിളിപ്പിച്ചാണ് ആ പിശാചുക്കൾ കെണിയിൽപെടുത്തിയത്. മൂന്നാറിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അവൾക്ക് എഴുന്നേറ്റു നിൽക്കാൻ പോലും വയ്യ. ഇരുട്ടുമുറിയിൽ, മുഖം പൊത്തി നിലവിളിക്കുന്നത് കണ്ടപ്പോൾ ഉള്ളം പിടഞ്ഞു…”
പലതവണ ഫോൺ വിളിച്ചിട്ടും കിട്ടാതായതോടെ, സംഭവദിവസം ഹൗസ് ഓണറെ വിളിച്ചു. അവർ വീട്ടിൽ വന്നുനോക്കി, ആളില്ല. പിറ്റേന്നാണ് ഫോണിൽ കിട്ടിയത്. കൂട്ടുകാരിയുടെ അടുത്താണെന്ന് പറഞ്ഞു. പിന്നെ കാണുമ്പോൾ മുഖം വീർത്തിരിക്കുന്നു. ശരീരത്തിൽ മുറിവുകൾ. ഏറെ ചോദിച്ചപ്പോഴാണ് പറയുന്നത്. ലോഡ്ജിലെത്തിച്ച് ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകുകയായിരുന്നു. രാവിലെ ബോധം തെളിഞ്ഞപ്പോഴാണ് എല്ലാം തിരിച്ചറിയുന്നത്. അവിടെനിന്ന് ജീവനും കൊണ്ട് ഓടാൻ നോക്കിയതാ. പക്ഷേ ആ നരാധമന്മാർ തടഞ്ഞു, മൊബൈൽ പിടിച്ചുവച്ചു. കൊല്ലുമെന്ന് പറഞ്ഞു. ’’ ഇപ്പോൾ അവൾ ഒരു ട്രോമയിലാണ്. ആരെയും തിരിച്ചറിയാനാകുന്നില്ല, എന്നെപ്പോലും കാണേണ്ട. ശ്രീരാഗും ജിത്തും അല്ല, ക്രൂരതയ്ക്കു പിന്നിൽ സംഘമുണ്ട്. സ്പാകളുടെ മറവിൽ സെക്സ് റാക്കറ്റ് നടത്തുന്നവർ. ഞങ്ങളുടെ ജീവിതം തകർത്തവരാരും രക്ഷപ്പെടരുത്,’’ വിറയ്ക്കുന്ന ശബ്ദത്തോടെ ഭർത്താവ് പറഞ്ഞു നിറുത്തി. വാടകയ്ക്കായിരുന്നു ഇരുവരുടെയും താമസം.




