NEWS

ഹിമാചൽ വൈദ്യുതി മേയ് വരെ വാങ്ങാൻ ശ്രമം

തിരുവനന്തപുരം: ഊർജ്ജ പ്രതിസന്ധിയിലും രാത്രി പവ‌ർ കട്ട് ഒഴിവാക്കാനാകുന്നത് ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടുന്നതിനാൽ. യൂണിറ്റിന് 14.50 രൂപ നിരക്കിൽ 900 മെഗാവാട്ട് വൈദ്യുതിക്ക് ഒക്‌ടോബർ 31 വരെയാണ് കരാ‌ർ. ഇത് 12-13 രൂപ നിരക്കിൽ മേയ് വരെ വാങ്ങാൻ കെ.എസ്.ഇ.ബി ശ്രമം തുടങ്ങി. ദീർഘ നാളത്തേക്കാകുമ്പോൾ വിലയിൽ നീക്കുപോക്കിന് ഹിമാചൽ സന്നദ്ധമായേക്കും.

നിലവിൽ 5,000 മെഗാവാട്ടിൽ താഴെയാണ് പീക്ക് സമയ ഉപഭോഗം. കഴിഞ്ഞ ദിവസം 4954 മെഗാവാട്ടായിരുന്നു. ഹിമാചൽ വൈദ്യുതി കിട്ടുന്നതിനാൽ ഉപഭോഗം 5200 മെഗാവാട്ട് വരെ ഉയർന്നാലും പവ‌ർ കട്ട് വേണ്ടിവരില്ല. ഹിമാചലുമായുള്ള കരാർ തുടരാൻ സർക്കാരും കെ.എസ്.ഇ.ബിക്ക് പിന്തുണ നൽകുന്നുണ്ട്. 10 രൂപയ്ക്ക് മുകളിൽ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുവാദം നൽകിയിട്ടില്ല. എന്നാൽ, സർക്കാർ അനുകൂലമായതിനാൽ തുടർനടപടികളുമായി മുന്നോട്ടുപോകുകയാണ്.

 കൂടുതൽ ഹ്രസ്വകാല കരാറുകൾ

വേനൽക്കാല വൈദ്യുതി ആവശ്യകത നേരിടുന്നതിന് കൂടുതൽ ഹ്രസ്വകാല കരാറുകൾക്ക് ഉടൻ ടെൻഡർ ക്ഷണിക്കും. ഹിമാചലുമായുള്ള കരാറിന് ശേഷം, അധികമായി വേണ്ട വൈദ്യുതിക്കാവും ടെൻഡർ. ഡിസംബർ വരെ പുലർച്ചെയും രാവിലെയും കുറഞ്ഞനിരക്കിൽ വൈദ്യുതി വാങ്ങാനുള്ള അനുമതി തേടിയും കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനെ സമീപിക്കും. ഈ സമയം ജലവൈദ്യുതി ഉത്പാദനം പരിമിതപ്പെടുത്തുന്നതിനാണ് വാങ്ങുന്നത്.

 കൂടിയ വിലയുടെ ഭാരം ബില്ലിൽ

കട്ട് ഒഴിവാക്കാൻ ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് സർചാർജ്ജായും നിരക്ക് വർദ്ധനയായും ഉപഭോക്താക്കളെ ബാധിക്കും. ഇത് ഒഴിവാകണമെങ്കിൽ, ഉയർന്ന വിലയുടെ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കണം. മുൻ വർഷങ്ങളിൽ കെ.എസ്.ഇ.ബിയുടെ നഷ്ടം പലഘട്ടങ്ങളിലും സർക്കാർ വഹിച്ചിട്ടുണ്ട്.

Read News ⏭️

Back to top button