NEWS

വളർമതി കേരളകൗമുദിയോട്നീതിക്കായി മരണംവരെ നിരാഹാര സമരം

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ നിന്നെത്തി സെക്രട്ടേറിയറ്റിനു മുന്നിൽ തലമുണ്ഡനം ചെയ്ത് നിരാഹാര സമരം തുടരുകയാണ് എൽ.പി.എസ്.ടി റാങ്ക് ഹോൾഡ‌േഴ്സ് നേതാവ് വളർമതി. രണ്ടു പെൺമക്കളെയും രോഗിയായ അമ്മയെയും സംരക്ഷിക്കാനുള്ള അവസാന കച്ചിത്തുരുമ്പ് നഷ്ടമാകുന്നത് തിരിച്ചറിഞ്ഞപ്പോഴുള്ള ദൈന്യതയാണ് മരണം വരെ നിരാഹാരത്തിലേക്ക് വളർമതിയെ നയിച്ചത്. ഒപ്പം തന്നെപ്പോലെ അവസാന അവസരവും നഷ്ടമാകുന്ന മറ്റു റാങ്ക് ഹോൾഡർമാരുടെ ശബ്ദം കൂടിയാവുകയാണ് ഈ യുവതി. വളർമതി കേരളകൗമുദിയോട് സംസാരിക്കുന്നു:

?സർക്കാരിനെ പ്രതിനിധീകരിച്ച് ആരെങ്കിലും ചർച്ചയ്ക്ക് എത്തിയോ
ഈ സമരം തുടങ്ങിയതിനുശേഷം ഇതുവരെ ആരും എത്തിയിട്ടില്ല. ആരു വന്നാലും ഇല്ലെങ്കിലും മരണം വരെ നിരാഹാരമെന്ന തീരുമാനത്തിൽ നിന്ന് മാറ്റമില്ല. സമരത്തിന്റെ ആദ്യഘട്ടത്തിൽ 13 ദിവസം നിരാഹാരം കിടന്നതിന്റെ അസ്വസ്ഥതകൾ ഇനിയും മാറിയിട്ടില്ല. വീണ്ടും മറ്റൊരു നിരാഹാരത്തിലേക്ക് ഞങ്ങളെ തള്ളിവിട്ടത് സർക്കാരാണ്.

?നാല് ആവശ്യങ്ങൾ അംഗീകരിച്ചു എന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത്
ആവശ്യങ്ങൾ അംഗീകരിച്ചു എന്നുപറയുന്നുണ്ടെങ്കിലും റാങ്ക് ലിസ്റ്റിലുള്ള ഒരാൾക്കെങ്കിലും നിയമനം ലഭിക്കുമെന്ന് ഉറപ്പുനൽകാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോ.റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയാലും താത്കാലിക സ്വഭാവമുള്ള ഹെഡ് ടീച്ചർ ഒഴിവുകൾ പി.എസ്.സിക്ക് കീഴിൽ കൊണ്ടുവന്നാലും അടുത്ത പി.എസ്.സി വിജ്ഞാപനം നീട്ടിവച്ചാലും ഞങ്ങൾക്ക് എന്താണ് പ്രയോജനം. എച്ച്.ടി.വി ഒഴിവുകളിലുള്ളത് പുറത്തുപോയ ഡിപ്ലോയ്ഡ് അദ്ധ്യാപകരാണ്. ഇതുകൊണ്ട് ജോലി കിട്ടുമെങ്കിൽ മഴയും വെയിലുമേറ്റ് ഞങ്ങൾ തെരുവിൽ കിടക്കുമായിരുന്നോ. നാല് ജില്ലകളിൽ റാങ്ക് ലിസ്റ്റിൽ നിന്ന് ഒരാൾക്കുപോലും നിയമനം ലഭിച്ചിട്ടില്ല.

?നിയമനത്തിന് തടസം എന്താണ്

നിലവിലുള്ള 1:30 എന്ന വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം 1:25 ആയി കുറച്ചാലേ റാങ്ക് ലിസ്റ്റിലുള്ളവർക്ക് പ്രയോജനം ലഭിക്കൂ. സാമ്പത്തിക ബാദ്ധ്യതയുടെ പേരുപറഞ്ഞാണ് സർക്കാർ ഇതിൽ നിന്ന് ഒഴിയുന്നത്. എന്നാൽ എയ്‌ഡഡ്‌ സ്‌കൂളുകളിൽ പണം വാങ്ങി നിയമിച്ചവർക്ക് ഇതേ സർക്കാർ നിയമനാംഗീകാരം നൽകി ഉത്തരവിറക്കി.

?റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് എന്നാണ്

2028 മേയ് 28ന്. ഓരോ അദ്ധ്യയന വർഷം കണക്കാക്കി മാത്രമാണ് നിയമനം നടക്കുന്നത് എന്നതിനാൽ ഞങ്ങൾക്ക് മുന്നിൽ ഒരു അദ്ധ്യയന വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ.

?സമരത്തിന്റെ അടുത്ത ഘട്ടം

വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം കുറച്ചുകൊണ്ടുള്ള ഉത്തരവ് സമരപ്പന്തലിൽ എത്തുന്നത് വരെ നിരാഹാര സമരം തുടരും. ഒരാളുടെ ജീവൻ പൊലിഞ്ഞാൽ മാത്രമേ നീതി കിട്ടൂ എന്നുണ്ടെങ്കിൽ അതിന് ഞാൻ തയ്യാറാണ്‌.

Read News ⏭️

Back to top button