തീരത്തേക്ക് ‘അർണാബ്’ ഇരച്ചെത്തുന്നു; ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി, ലക്ഷങ്ങളെ ഒഴിപ്പിക്കുന്നു

അമരാവതി: അർണബ് അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം ആളുകളെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ 72 ട്രെയിനുകൾ റദ്ദാക്കി.
ഇന്ന് പുലർച്ചെയോടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രയിലെ ബാപ്പറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും മധ്യേയുള്ള യാനം തീരത്തുകൂടിയാകും ചുഴലിക്കാറ്റ് കരകയറുക. മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും പേമാരിക്കും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
തീരദേശ ആന്ധ്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതത്തെ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിച്ചു. ദക്ഷിണ മധ്യ റെയിൽവേയും ഈസ്റ്റ് കോസ്റ്റ് റെയിൽവേയും സംയുക്തമായാണ് ഒക്ടോബർ 27, 28 തീയതികളിലെ 72 ട്രെയിൻ സർവീസുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കിയത്. സെക്കന്തരാബാദ്-ഹൗറ ഫലക്‌നുമ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഹൈദരാബാദ്-വിശാഖപട്ടണം ഗോദാവരി എക്‌സ്പ്രസ്, സെക്കന്തരാബാദ്-ഭുവനേശ്വർ വിശാഖ എക്‌സ്പ്രസ്, സെക്കന്തരാബാദ്-വിശാഖപട്ടണം ഗരീബ് രഥ്, ലിംഗമ്പള്ളി-കാക്കിനാഡ ഗൗതമി എക്‌സ്പ്രസ് തുടങ്ങിയവ റദ്ദാക്കപ്പെട്ടവയിൽ പ്രധാനപ്പെട്ടവയാണ്. ഇതിനുപുറമെ, പാസഞ്ചർ ട്രെയിനുകളിൽ ഭൂരിഭാഗവും സർവീസ് നടത്തില്ല.



