NEWS

ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസിന്റെ മിന്നൽ പരിശോധന, സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കും

കൊച്ചി ∙ ചേരാനല്ലൂരിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട്, കേസിലെ പ്രതിയായ 17 വയസ്സുകാരന്റെ പിതാവായ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ് നടത്തി. ഹൈക്കോടതിയുടെ കർശന നിർദേശത്തെത്തുടർന്നാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. സംഭവത്തിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ഇവിടെനിന്ന് പൊലീസ് ശേഖരിക്കുന്നുണ്ട്.

അതേസമയം, അപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം നീതിതേടി ബുധനാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കാൻ തീരുമാനിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നും, സംഭവത്തിൽ ഉത്തരവാദിത്തമുള്ള ജഡ്ജിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.

നേരത്തെ, ജയബാലകൃഷ്ണന്റെ ബന്ധുക്കൾ അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തി ചേരാനല്ലൂർ പൊലീസുമായി മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിരുന്നു. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. തുടർനടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും, ഇതുമായി ബന്ധപ്പെട്ട രേഖകൾ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് കുടുംബത്തെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കുടുംബാംഗങ്ങൾ, നിലവിലെ പൊലീസ് നടപടികളിൽ തങ്ങൾ സംതൃപ്തരാണെന്നും പ്രതികൾക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

Fashion ⏭️

Back to top button