NEWS
തൃക്കാക്കര മോർഫിങ് കേസ്: പ്രതികളുടെ ഫോണുകളിൽ കുട്ടികളുടെയും അശ്ലീല ദൃശ്യങ്ങൾ; 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

കൊച്ചി ∙ തൃക്കാക്കര ഭാരത് മാതാ കോളജ് മോർഫിങ് കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ നിരീക്ഷണത്തിലുള്ളത് 4 ടെലഗ്രാം ഗ്രൂപ്പുകൾ. കേസിലെ രണ്ടാം പ്രതിയായ ആലപ്പുഴ സ്വദേശി സനീഷ് ആരംഭിച്ച ‘മല്ലു പ്രീമിയം’ അടക്കമുള്ള ഈ ടെലഗ്രാം ഗ്രൂപ്പുകളിലെ അഡ്മിൻമാർ, അംഗങ്ങൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും വ്യാജമായി നിർമിച്ച അശ്ലീല ചിത്രങ്ങളാണ് ഈ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചത്. ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ് പ്രമോഷൻ നടത്തുകയും തുടർന്ന് പണം ഈടാക്കി അംഗത്വം നൽകിയ പ്രീമിയം ഗ്രൂപ്പിലേക്ക് ആളുകളെ ചേർത്ത് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു. പണം വാങ്ങി പ്രവേശനം നൽകിയ ഈ ഗ്രൂപ്പിൽ 12 പേരാണ് ഉണ്ടായിരുന്നത്.ടെലഗ്രാം ഗ്രൂപ്പിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ഫോൺ നമ്പർ ജാർഖണ്ഡിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സിം മലയാളികൾ ആരെങ്കിലും അവിടെ നിന്നും തരപ്പെടുത്തിയതാണോ അതോ മറ്റാരുടെയെങ്കിലും നമ്പർ ദുരുപയോഗം ചെയ്തതാണോ അതുമല്ലെങ്കിൽ ഇതര സംസ്ഥാനക്കാർക്ക് ഈ റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദേശ ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് പല ടെലഗ്രാം അക്കൗണ്ടുകളും നിർമിച്ചിരിക്കുന്നത് എന്നത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും കൂടുതൽ വിവരങ്ങൾ തേടി കൊച്ചി സിറ്റി പൊലീസ് ടെലഗ്രാമിന് വീണ്ടും ഔദ്യോഗികമായി കത്തയച്ചു. നിലവിൽ നിരീക്ഷണത്തിലുള്ള ടെലഗ്രാം ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ടെലഗ്രാമിൽനിന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Fashion ⏭️


