NEWS

‘ഹസാഡ് ടെസ്റ്റ്’; ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി: 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്


തിരുവനന്തപുരം∙ രാജ്യാന്തര മാതൃകയില്‍ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാഘടനയില്‍ മാറ്റം വരുത്തി ഗതാഗത വകുപ്പ്. ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി ഒരു പരീക്ഷ കൂടി പാസാകണം. കംപ്യൂട്ടര്‍ അടിസ്ഥാനപ്പെടുത്തി ഹസാഡ് പെര്‍ഷെപ്ഷന്‍ ടെസ്റ്റാണ് ഡിസംബര്‍ 1 മുതല്‍ നടപ്പാക്കുന്നത്. രാജ്യത്താദ്യമായി സംസ്ഥാനത്താണ് ഈ ടെസ്റ്റ് കൂടി പരീക്ഷയുടെ ഭാഗമാക്കുന്നത്. റോഡിലുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളും തടസങ്ങളും മുന്‍കൂട്ടി കണ്ട് തിരിച്ചറിയാനുള്ള ശേഷി പരിശോധിച്ചുറപ്പിക്കുന്നതിന്റെ ഭാഗമായാണ് 100 മാര്‍ക്കിന്റെ പുതിയ ടെസ്റ്റ് നടപ്പാക്കുന്നത്. ലേണേഴ്‌സ് ലഭിച്ച് 30 ദിവസത്തിനു ശേഷമാകും പുതിയ ടെസ്റ്റ് നടത്തുക. ഇതിനു ശേഷം മാത്രമേ ഗ്രൗണ്ട് ടെസ്റ്റും റോഡ് ടെസ്റ്റും നടത്തുകയുള്ളു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള 10 വിഡിയോ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ടെസ്റ്റ്. ഓരോന്നിനും 10 മാര്‍ക്ക് വീതമാണുള്ളത്. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കാണിക്കുന്ന വിഡിയോ ക്ലിപ്പുകള്‍ കണ്ട് കൃത്യസമയത്ത് അപകടം തിരിച്ചറിഞ്ഞ് മൗസ് ക്ലിക്ക് ചെയ്യുകയാണ് പരീക്ഷാരീതി. റോഡിലെ രണ്ടു തടസങ്ങളാണ് ഓരോ ക്ലിപ്പിലും ഉണ്ടാകുക. പരീക്ഷാര്‍ഥി ഈ ക്ലിപ്പുകള്‍ കണ്ട് സമയബന്ധിതമായി ക്ലിക്കു ചെയ്തു പ്രതികരിക്കണം. കൃത്യസമയത്തു പ്രതികരിച്ചാല്‍ 10 മാര്‍ക്ക് ലഭിക്കും. വൈകിയാണു പ്രതികരിക്കുന്നതെങ്കില്‍ മാര്‍ക്ക് കുറയുകയും ചെയ്യും. കുറഞ്ഞത് 60 മാര്‍ക്കെങ്കിലും നേടിയാല്‍ മാത്രമേ ടെസ്റ്റ് പാസാകാന്‍ കഴിയൂ. 


Fashion ⏭️

Back to top button