തിയേറ്റർ സ്ക്രീനിൽ കുഞ്ഞിന്റെ സ്കാനിംഗ് ചിത്രം; ആദ്യ കൺമണിയുടെ വരവിനായി സംഗീത് പ്രതാപും കുടുംബവും

സംഗീത് പ്രതാപും ഭാര്യ ആൻസി അന്നമും
തങ്ങളുടെ കടിഞ്ഞൂൽ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടൻ സംഗീത് പ്രതാപും പങ്കാളി ആൻസി അന്നമും. ‘ഞങ്ങളുടെ ജീവിതമെന്ന ചലച്ചിത്രത്തിലേക്ക് ഒരു കുഞ്ഞുതാരം ഉടൻ കടന്നുവരുന്നു’ എന്ന അടിക്കുറിപ്പോടെ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഈ അധ്യായത്തിന് പിന്നിലെ കരുത്ത് പ്രിയതമയായ ആൻസിയാണെന്നും താരം ഹൃദയം തൊടുന്ന വാക്കുകളിലൂടെ വെളിപ്പെടുത്തുന്നു.
സിനിമ തീയേറ്ററിന്റെ പശ്ചാത്തലത്തിലാണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. നിറവയറുമായി, കൈയിൽ പോപ്കോണുമേന്തി സംഗീത് പ്രതാപിനൊപ്പം തീയേറ്റർ സീറ്റിലിരിക്കുന്ന ആൻസിയെ ചിത്രങ്ങളിൽ കാണാം. ആവേശത്തോടെ തീയേറ്റർ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന ദമ്പതികളുടെ ചിത്രങ്ങൾ ഏറെ മനോഹരമാണ്. തീയേറ്റർ സ്ക്രീനിൽ തങ്ങളുടെ കുഞ്ഞിന്റെ സ്കാനിംഗ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതും അതിലേക്ക് സന്തോഷത്തോടെ നോക്കുന്ന ഇരുവരുടെയും ദൃശ്യങ്ങളും ഈ ഫോട്ടോ പരമ്പരയിലുണ്ട്.
‘കാത്തിരിപ്പിന്റെ നിമിഷങ്ങൾ തുടങ്ങിക്കഴിഞ്ഞു, തീയേറ്റർ സജ്ജമാണ്. വരാനിരിക്കുന്ന എല്ലാ താരങ്ങളെക്കാളും തിളക്കമുള്ള ഒരു കുഞ്ഞുതാരം വളരെ വേഗം തന്നെ സ്ക്രീനിലേക്ക് എത്തുകയാണ്. ഈ മനോഹരമായ തിരക്കഥയുടെ സൂത്രധാര ഈ ഭൂമിയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ്. നീ പകർന്നുനൽകിയ സ്നേഹത്തിന് വലിയൊരു നന്ദി’ – സംഗീത് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.




