NEWS
മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ചു; കൊച്ചി സ്വദേശിയുടെ വിരൽ കടിച്ചെടുത്ത് മോഷ്ടാവ്

കൊച്ചി ∙ മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കൊച്ചി സ്വദേശിയുടെ തള്ളവിരൽ മോഷ്ടാവ് കടിച്ചുമുറിച്ചു. എറണാകുളം ഏലൂർ പാതാളം സ്വദേശി കേച്ചേരി വീട്ടിൽ സലീമിന്റെ കയ്യാണ് മോഷ്ടാവ് കടിച്ചു മുറിച്ചത്. വിരലിന്റെ അറ്റുപോയ ഭാഗം തുന്നിച്ചേർക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതിനെ തുടർന്ന് നിലവിൽ പ്ലാസ്റ്റിക് സർജറി ചെയ്തിരിക്കുകയാണ്. മുമ്പ് ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്നു സലിം. അക്രമി ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.ഇന്നലെ രാത്രി 8.15ഓടെ പാതാളത്തെ സലീമിന്റെ വീടിന് തൊട്ടുമുന്നിലായിരുന്നു സംഭവം. വീട്ടിലെ പൈപ്പിൽ വെള്ളം വരുന്നത് കുറവായതിനാൽ സലീമിന്റെ മകന്റെ ഭാര്യ വീടിന് എതിർവശത്തുള്ള പബ്ലിക് ടാപ്പിൽ നിന്ന് വെള്ളം എടുക്കാൻ പോയതായിരുന്നു. ഈ സമയം വെള്ളം പിടിക്കാനെന്ന വ്യാജേന കാനുമായി ഒരാൾ ടാപ്പിനടുത്തേക്ക് വരികയും നിമിഷങ്ങൾക്കകം യുവതിയുടെ പിന്നിലെത്തി കഴുത്തില്‍ നിന്ന് സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിയെത്തിയ സലീം കാണുന്നത് മരുമകളെ ആക്രമിക്കുന്നതാണ്. ഇതോടെ മോഷ്ടാവിനെ നേരിട്ട സലീം അയാളെ മല്‍പ്പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തി. ഇതിനിടയിൽ സലീമിന്റെ വലതുകൈ അക്രമിയുടെ വായിൽ അകപ്പെടുകയും അയാൾ വലതു തള്ളവിരലിൽ ശക്തിയായി കടിച്ച് വിരലിന്റെ മുകൾ ഭാഗം മുറിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് മോഷ്ടാവ് സ്ഥലത്തുനിന്ന് കുതറിയോടി രക്ഷപ്പെട്ടു.
Fashion ⏭️


