BUSINESS
ചരിത്രം വഴിമാറും ജിയോ വരുമ്പോൾ! ഐപിഒ നാളെ മുതൽ, സബ്സ്ക്രൈബ് ചെയ്യണോ? സാധ്യതകളും റിസ്കും ഇങ്ങനെ

കൊച്ചി∙ ഏകദേശം 10 ലക്ഷം കോടി രൂപ മൂല്യനിർണയത്തോടെ എത്തുന്ന 30,213 കോടിയുടെ ജിയോ ഐപിഒ സൃഷ്ടിക്കുക പുതുചരിത്രം. ഹ്യുണ്ടായ് ഇന്ത്യയുടെ (27858.75 കോടി) റെക്കോർഡാണ് ജിയോ മറികടക്കുന്നത്. ഐപിഒ വിജയകരമാകുന്നതോടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ലിസ്റ്റഡ് കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ് മാറും. ആങ്കർ ബുക്കിലെ റെക്കോർഡ് മുന്നേറ്റം, വരാനിരിക്കുന്ന പൊതു സബ്സ്ക്രിപ്ഷനിലും നിക്ഷേപകരുടെ ശക്തമായ പങ്കാളിത്തം സൂചിപ്പിക്കുന്നതാണ്. ഐപിഒ നാളെ ആരംഭിക്കാനിരിക്കെ ബ്രോക്കറേജ് സ്ഥാപനങ്ങളും വിപണി വിദഗ്ധരും ‘സബ്സ്ക്രൈബ്’ ശുപാർശ നൽകുന്നതിന്റെ കാരണങ്ങൾ പരിശോധിക്കാം. അതേസമയം, പദ്ധതികളുടെ നടത്തിപ്പ്, നിയന്ത്രണങ്ങൾ, മൂലധനച്ചെലവ് എന്നിവയാണ് നിരീക്ഷിക്കേണ്ട ഘടകങ്ങൾ. ടെലികോമിനപ്പുറം മൊബൈൽ കണക്ടിവിറ്റിക്കു പുറമേ, ഹോം ബ്രോഡ്ബാൻഡ്, എന്റർപ്രൈസ് ടെക്നോളജി, എഐ അധിഷ്ഠിത സേവനങ്ങൾ, ഒടിടി വിനോദങ്ങൾ, ക്ലൗഡ് സ്റ്റോറേജ്, ഗെയിമിങ്, എഐ ടെക്നോളജി എന്നീ മേഖലകളിലേക്കുള്ള കമ്പനിയുടെ വ്യാപനം. മൂല്യനിർണയം 1,065– 1,119 രൂപയാണ് പ്രൈസ് ബാൻഡ്. ഇത് ഐപിഒയ്ക്ക് ശേഷം 9.8 ലക്ഷം കോടി മുതൽ 10.3 ലക്ഷം കോടി രൂപ വരെയുള്ള വിപണി മൂല്യത്തെ സൂചിപ്പിക്കുന്നു. കമ്പനിയുടെ വലുപ്പം, വരുമാനം, സാങ്കേതിക ശേഷി, ദീർഘകാല വരുമാന സാധ്യതകൾ എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് ഈ നിരക്കെന്നാണ് വിലയിരുത്തലുകൾ.ഉപയോക്താക്കളുടെ എണ്ണം 2026 ജൂൺ വരെയുള്ള കണക്കനുസരിച്ച് 53.33 കോടി വരിക്കാരുണ്ട്. ഇന്ത്യയിലെ വയർലെസ് ഡേറ്റാ ട്രാഫിക്കിന്റെ ഏകദേശം 60 ശതമാനവും ജിയോ വഴി. 26,800.8 മെഗാഹെട്സ് വിസ്തൃതിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്പെക്ട്രം ശേഖരവും ജിയോയ്ക്കുണ്ട്.ജിയോ ആങ്കർ ബുക്ക്: അപേക്ഷകൾ 30 ഇരട്ടി ഓഹരി വിപണിയിലേക്കുള്ള അരങ്ങേറ്റത്തിന് മുന്നോടിയായി റിലയൻസ് ജിയോ പ്ലാറ്റ്ഫോംസിന്റെ 8,110 കോടി രൂപയുടെ ആങ്കർ ബുക്കിന് വൻ ഡിമാൻഡ്. പ്രമുഖ ആഗോള, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 2.08 ലക്ഷം കോടി രൂപ മൂല്യമുള്ള ബിഡ്ഡുകൾ ലഭിച്ചു. മാറ്റിവച്ച ക്വോട്ടയെക്കാൾ 30 ഇരട്ടിയോളമാണ് ഈ തുക. ആഗോള അസറ്റ് മാനേജർമാർ, സോവറിൻ വെൽത്ത് ഫണ്ടുകൾ, പ്രമുഖ ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ എന്നിവരുൾപ്പെടെയുള്ള വൻകിട നിക്ഷേപകരാണ് ആങ്കർ ബുക്കിലൂടെ ഓഹരികൾക്കായി രംഗത്തെത്തിയത്. ഐപിഒ പൊതുജനങ്ങൾക്കായി തുറക്കുന്നതിന് തൊട്ടുമുൻപ് സ്ഥാപന നിക്ഷേപകർക്കായി ഓഹരികൾ നീക്കിവയ്ക്കുന്ന ആങ്കർ ബുക്ക്, പ്രാഥമിക വിപണി ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതാണ്.
Travel ⏭️




