NEWS

ആ അറസ്റ്റ് ഉദയനിധിയുടെ ഉദയമാകുമോ ? കരുണാനിധിയെ കാപ്പാത്ത ‘കൊലപ്പണ്ണ വരാങ്കളേ’; ജയലളിതയും സ്റ്റാലിനും ‘അറസ്റ്റ് ഹീറോസ്’


കാൽനൂറ്റാണ്ട് മുൻപ് തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച, കലൈഞ്ജർ എം. കരുണാനിധിയുടെ അർധരാത്രിയിലെ നാടകീയ അറസ്റ്റിന്റെ ദൃശ്യങ്ങൾ തമിഴ് ജനത ഇന്നും മറന്നിട്ടില്ല. അന്ന് ജയലളിത സർക്കാരിന്റെ കാലത്ത്, കരഞ്ഞും നിലവിളിച്ചും പൊലീസിനോട് മല്ലിട്ട കരുണാനിധിയെ വലിച്ചിഴച്ചുകൊണ്ടുപോയ ഓർമകൾ, അതേ കുടുംബത്തിലെ പിൻ തലമുറയിലെ കരുത്തനായ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റോടെ വീണ്ടും തമിഴകത്ത് വൈകാരിക കൊടുങ്കാറ്റായി മാറുമോ. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് വിജയ് സർക്കാരിനെതിരെ തഞ്ചാവൂരിൽ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടയിൽ, നടി തൃഷയെയും മുഖ്യമന്ത്രി വിജയിനെയും ലക്ഷ്യമിട്ട് ഉദയനിധി നടത്തിയ ദ്വയാർഥ പ്രയോഗമാണ് ഇന്നത്തെ അറസ്റ്റിലേക്ക് നയിച്ചത്. തമിഴക വെട്രി കഴകം (ടിവികെ) നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നാടകീയ നീക്കങ്ങൾ. വിജയ് മുഖ്യമന്ത്രിയായ ശേഷം അറസ്റ്റിലാകുന്ന മൂന്നാമത്തെ ഡിഎംകെ എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.∙ സഹതാപ തരംഗമോ, സ്ത്രീവിരുദ്ധ പരാമർശമോ ? ക്ലൈമാക്സിൽ‌ എന്ത് ?സിനിമയും രാഷ്ട്രീയവും എക്കാലത്തും ഒന്നിച്ചുപോയ തമിഴ്‌നാട്ടിൽ, രണ്ട് സിനിമാ താരങ്ങൾ (വിജയിയും ഉദയനിധിയും) രാഷ്ട്രീയ ഗോദയിൽ നേർക്കുനേർ വരുമ്പോൾ ഉണ്ടാകുന്ന വൈകാരിക യുദ്ധത്തിന്റെ തുടക്കം കൂടിയാണിത്. കരുണാനിധിയുടെ അറസ്റ്റ് അന്ന് ഡിഎംകെക്ക് വലിയ ജനപിന്തുണ നേടിക്കൊടുക്കാൻ കാരണമായിരുന്നു. ചരിത്രം ആവർത്തിക്കുമോ അതോ ഈ സ്ത്രീവിരുദ്ധ പരാമർശം ഉദയനിധിയുടെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.


Fashion ⏭️

Back to top button